രഞ്ജി ട്രോഫി: ഛത്തീസ്ഗഡിനെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച
വെള്ളി, 28 ഒക്‌ടോബര്‍ 2016 (09:38 IST)
രഞ്ജി ട്രോഫിയിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിനു ബാറ്റിങ് തകർച്ച. ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ കേരള നായകന്‍ റോഹൻ പ്രേം 117 പന്തിൽ നിന്ന് 62 റൺസ് നേടിയെങ്കിലും ആദ്യദിനം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 194 എന്ന നിലയിലാണ് കേരളം.
കേരളത്തിനായി സഞ്ജു സാംസണ്‍ 41 റണ്‍സും ഭവീൻ താക്കര്‍ 33 റണ്‍സും നേടി. സച്ചിന്‍ ബേബിയ്ക്ക് റണ്‍സൊന്നും എടുക്കാന്‍ സാധിക്കാത്തത് കേരളത്തിനു തിരിച്ചടിയായി. കേരള ഓപ്പണറായ വി എ ജഗദീഷ് അടക്കമുള്ള നാലു താരങ്ങളാണ് രണ്ടക്കം കടക്കാതെ പവിലിയനിലേക്കു മടങ്ങിയത്.
കളിനിർത്തുമ്പോൾ 54 പന്തുകളിൽ 19 റൺസുമായി കെ മോനിഷും 36 പന്തിൽ നാലു റൺസുമായി സന്ദീപ് വാരിയറുമാണു ക്രീസിൽ. പതിനേഴ് ഓവറിൽ 37 റൺസ് വഴങ്ങി പങ്കജ് റാവു മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി. പതിനേഴ് ഓവറിൽ 45 റൺസ് വഴങ്ങിയ സുമിത് റൂയിക്കറും മൂന്നു വിക്കറ്റ് നേടി.