നിലവിലെ ചാമ്പ്യന്‍മാരായ ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലീഷ് മണ്ണില്‍ കാല് കുത്തുമ്പോള്‍ വിരാട് കോഹ്‌ലിയുടെ പാളയത്തില്‍ ആശങ്കകള്‍ ആളിക്കത്തുകയാണ്. പുതിയ കോച്ചിനെത്തേടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരസ്യം നൽകിയത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്.
പരിശീലകന്റെ കുപ്പായമണിഞ്ഞ കുംബ്ലെ വിജയമായിരുന്നു. ഇന്ത്യയിൽ നടന്ന 13 ടെസ്റ്റിൽ 10ലും വിജയിച്ചു. രണ്ടു സമനിലയും ഒരു തോൽവിയും. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യന്‍ ടീമിനെ വിജയ തീരത്ത് എത്തിക്കുകയും ചെയ്‌തു. എന്നാൽ പ്രതിഫല വർധന ആവശ്യപ്പെട്ടതോടെ കുംബ്ലെ നോട്ടപ്പുള്ളിയായി.
കുംബ്ലെയ്‌ക്ക് പകരം പുതിയ കോച്ചിനെ ബിസിസിഐ തേടുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പ്രകടനം മോശമാകുമോ എന്ന ആശങ്കയാണ് ആരധകരിലുള്ളത്. മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും പുതിയ പരിശീലകനെ തേടാനുള്ള ബോര്‍ഡിന്റെ നീക്കം കുംബ്ലെയ്‌ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കും.
ഐപിഎല്ലില്‍ സമ്പൂര്‍ണ്ണ പരാജയമായ വിരാട് കോഹ്‌ലിക്ക് കടുത്ത പിന്തുണ കുംബ്ലെ നല്‍കേണ്ടതുണ്ട്. എന്നാല്‍ സ്ഥാനചലനത്തില്‍ അതൃപ്‌തിയുള്ള അദ്ദേഹം ക്യാപ്‌റ്റന് എത്രത്തോളം പിന്തുണ നല്‍കുമെന്ന് കണ്ടറിയേണ്ടതാണ്. ജൂണ്‍ നാലിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ സാഹചര്യത്തില്‍ ഈ കളിയില്‍ തിരിച്ചടി നേരിട്ടാല്‍ കോഹ്‌ലിക്കും കുംബ്ലെയ്‌ക്കും പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല.
കുബ്ലെ സമ്മര്‍ദ്ദത്തിലായാല്‍ ടീമിനെയാകെ ബാധിക്കും. ബോളര്‍മാരിലും ഓള്‍ റൌണ്ടര്‍മാരിലും സ്വാധീനം ചെലുത്തുകയും നേട്ടമുണ്ടാക്കി കാണിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പോസിറ്റീവ് സമീപനം ഇംഗ്ലണ്ടില്‍ കണ്ടില്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക് കൈവിടേണ്ടി വരും. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കും ഈ പരമ്പര അഗ്നി പരീക്ഷണമാണ്. കോഹ്‌ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കണം.
കുംബ്ലെയ്‌ക്ക് കോഹ്‌ലി പിന്തുണ നല്‍കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതൊന്നും വിലപ്പോകില്ല. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നത്. മൂവര്‍ സംഘത്തിന് രാഹുല്‍ ദ്രാവിഡിനോടുള്ള അടുപ്പവും താല്‍പ്പര്യവുമാണ് കുംബ്ലെയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.
ദ്രാവിഡിനെ
പരിശീലകന്‍ ആക്കാനാണ് ക്രിക്കറ്റ് ഉപദേശക സമിതിയുടെ ആഗ്രഹം. ഇവരില്‍ ഗാംഗുലിയുടെ നിലപാടാകും നിര്‍ണായകം. ദ്രാവിഡിനോട് ഗാംഗുലിക്കുള്ള അടുപ്പവും ബന്ധവും പകല്‍ പോലെ വ്യക്തമാണ്. അതിനാല്‍ പുതിയ പരിശീലകനായി വന്‍മതില്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇവയെല്ലാം കുംബ്ലെയെ സമ്മര്‍ദ്ദത്തിലാക്കും.
ചാമ്പ്യന്‍സ് ട്രോഫിയില്‍ തിരിച്ചടി നേരിട്ടാലും ഇല്ലെങ്കിലും കുംബ്ലെയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. ടൂര്‍ണമെന്റില്‍ ജേതാക്കളാകാന്‍ സാധിച്ചാല്‍ അദ്ദേഹത്തിനെ ഉപദേശക സമിതിക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. കപ്പ് നഷ്‌ടമായാല്‍ പുതിയ പരിശീലകന്‍ എത്തുമെന്ന് ഉറപ്പാണ്. ഇതിനാല്‍ തന്നെ ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടീം ഇന്ത്യക്കും കുംബ്ലെയ്‌ക്കും നിര്‍ണായകമാകും.