സ്റ്റോക്സിന്റെ പുറത്താകല്‍: സ്മിത്ത് ഭാവിയില്‍ ദു:ഖിക്കേണ്ടിവരും- മക്കല്ലം

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (17:28 IST)
ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് കൈ കൊണ്ട് പന്ത് തടുത്തിട്ട സാഹചര്യം മുതലെടുത്ത ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിനെതിരെ ന്യൂസിലന്‍ഡ് നായകന്‍ ബ്രെണ്ടന്‍ മക്കല്ലം രംഗത്ത്. സ്മിത്തിന്റേത് തീര്‍ത്തും അപക്വമായ പെരുമാറ്റമായിരുന്നു. ഭാവിയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഓസീസ് നായകന് ദു:ഖിക്കേണ്ടിവരും. ക്രിക്കറ്റിന്റെ അന്തസ് കാത്തുസൂക്ഷിക്കാന്‍ ലഭിച്ച അവസരമായിരുന്നു അദ്ദേഹം നശിപ്പിച്ചതെന്നും മക്കല്ലം പറഞ്ഞു.

സ്റ്റോക്സിനെതിരായ അപ്പീല്‍ പിന്‍വലിക്കാന്‍ സ്‌മിത്ത് തയാറാകണമായിരുന്നു. കളിയില്‍ ജയത്തോടൊപ്പം പ്രധാനമായ ഒന്നാണ് കളിക്കളത്തിലെ ചില തീരുമാനങ്ങള്‍. ആ തീരുമാനങ്ങള്‍ എന്നും മനസില്‍ തെളിഞ്ഞു നില്‍ക്കും. എന്നാല്‍ സ്‌മിത്ത് സ്വീകരിച്ച നയം തെറ്റായിരുന്നു. സ്റ്റോക്സിനെതിരായ അപ്പീല്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിരുന്നുവെങ്കില്‍ അതൊരു ചരിത്രമാകുമായിരുന്നുവെന്നും
ക്കല്ലം പറഞ്ഞു.

ഓസീസ് നായക സ്ഥാനത്തേക്ക് സ്‌മിത്ത് എത്തിയിട്ട് അധികം നാള്‍ ആയില്ല. കുറച്ചുകാലം കൂടി ഈ കളിയില്‍ തുടരുമ്പോള്‍ കളിയില്‍ വിജയം പ്രധാനമായ ചില കാര്യങ്ങള്‍ ഉണ്ടെന്ന് മനസിലാകും. എന്നാല്‍ സ്‌മിത്തിന്റെ സ്ഥാനത്ത് മൈക്കള്‍ ക്ലാര്‍ക്ക് ആയിരുന്നെങ്കില്‍ അപ്പീല്‍ പിന്‍വലിച്ചേനെയെന്നും മക്കല്ലം പറഞ്ഞു.

വെബ്ദുനിയ വായിക്കുക