ഈ വർഷം ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താനൊരുങ്ങി ബിസിസിഐ. നേരത്തെ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നടന്ന പതിനാലാമത് ഐപിഎൽ ടൂർണമെന്റ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഐപിഎൽ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ടി20 ലോകകപ്പ് കൂടി രാജ്യത്ത് സംഘടിപ്പിക്കുവാൻ ബിസിസിഐ ഒരുങ്ങുന്നത്.
ജൂൺ ഒന്നിന്ന് നടക്കുന്ന ഐസിസിയുടെ മീറ്റിങ്ങിന് മുൻപ് ഈ മാസം 29ന് ബിസിസി യുടെ പ്രത്യേക യോഗം ചേര്‍ന്ന് കോവിഡ് സാഹചര്യം പരിശോധിക്കുകയും ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ എന്തൊക്കെ ചെയ്യാനാവുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഒമ്പത് വേദികളിലായി ഒക്ടോബർ-നവംബർ മാസങ്ങളിൽ ലോകകപ്പ് സംഘടിപ്പിക്കാനാണ് ബിസിസിഐ പദ്ധതി.
അതേസമയം ലോകകപ്പ് വേദികളായി ബിസിസിഐ ആലോചിക്കുന്ന അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ധര്‍മശാല, ലെക്‌നൗ എന്നിവടങ്ങളിലെല്ലാം തന്നെ കൊവിഡ് വ്യാപനം ശക്തമാണ്. ഇനി ഈ സമയത്ത് കൊവിഡ് നിയന്ത്രണവിധേയമായാൽ തന്നെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ച ഇന്ത്യയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെ മറ്റ് ക്രിക്കറ്റ് ബോർഡുകൾ അനുകൂലിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.