കുംബ്ലെ ‘കള്ളക്കളി’യുടെ ആശാനോ ?; ഇരയാക്കപ്പെട്ടത് കോഹ്‌ലി - വെളിപ്പെടുത്തലുമായി ബിസിസിഐ അംഗം

ശനി, 27 മെയ് 2017 (13:55 IST)
പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ തീരുമാനം പരിശീലകന്‍ അനില്‍ കുംബ്ലെയോടുള്ള കടുത്ത എതിര്‍പ്പ് മൂലമാണെന്ന് വ്യക്തമാകുന്നു. ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി അറിയാതെ കുംബ്ലെ ആവശ്യപ്പെടുന്ന ചില കാര്യങ്ങളാണ് ബോര്‍ഡിനെ ചൊടിപ്പിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന ബിസിസിഐ അംഗം പറഞ്ഞു.

കോഹ്‌ലിയുടെ പേരു പറഞ്ഞാണ് കുംബ്ലെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ആവശ്യത്തിന് പ്രധാന്യം ലഭിക്കുന്നതിനാണ് അദ്ദേഹം ക്യാപ്‌റ്റന്റെ പേര് വിഷയത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കോഹ്‌ലിയുടെ അനുമതിയോടല്ല നടന്നതെന്നും ബിസിസിഐ അംഗം വ്യക്തമാക്കി.

മൂന്ന് ഫോര്‍മാറ്റിലും ക്യാപ്‌റ്റന്റെ ഉത്തരവാദിത്വങ്ങള്‍ ചെയ്യുന്ന കോഹ്‌ലിക്ക് പ്രത്യേക പരിഗണന വേണമെന്നാണ് കുംബ്ലെ ആവശ്യപ്പെട്ടത്. ഈ കാര്യം ബോര്‍ഡ് കോഹ്‌ലിയോട് സംസാരിച്ചപ്പോള്‍ നേര്‍ വിപരീതമായ മറുപടിയാണ് വിരാടില്‍ നിന്ന് ബോര്‍ഡിന് ലഭിച്ചത്. എല്ലാ കളിക്കാരെയും ഒരു പോലെ കാണണമെന്നും ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന കളിക്കാർക്ക് പ്രത്യേക പരിഗണന നൽകണമെന്നുമാണ് കോഹ്‌ലി ആവശ്യപ്പെട്ടിരുന്നതെന്നും ബിസിസിഐ അംഗം പറയുന്നു.

വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടതാണ് കുംബ്ലെയെ തഴയാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്. തുടര്‍ന്നാണ് പുതിയ കോച്ചിനെ തേടി പരസ്യം നൽകിയതും. അതേസമയം, കുംബ്ലെയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് കോഹ്‌ലിക്കുള്ളത്. കോച്ചിനായി പരസ്യം നൽകിയത് നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണെന്നാണ് വിരാടിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക