എന്തിനാണ് തന്നെ വിലക്കിയത്; പാക് അമ്പയര്‍ ആസാദ് റൗഫ് പൊട്ടിത്തെറിച്ചു
ശനി, 13 ഫെബ്രുവരി 2016 (15:32 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഒത്തുകളിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അഞ്ച് വര്‍ഷത്തേക്ക് വിലക്കിയ പാകിസ്ഥാന്‍ അമ്പയര്‍ ആസാദ് റൗഫ് നടപടിയെ ചോദ്യം ചെയ്‌ത് രംഗത്ത്.
ഒരു തെളിവും കൂടാതെയാണ് ബിസിസിഐ തന്നെ വിലക്കിയത്. തനിക്കെതിരെ തെളിവില്ലെന്ന് മുംബൈ കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിസിസിഐയും ഐപിഎല്‍ കമ്മിറ്റിയും എന്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ വിലക്കിയതെന്ന് വ്യക്തമാക്കണമെന്ന് റൗഫ് ചോദിച്ചു.
മുംബൈയിലെ ആസ്ഥാനത്ത് ചേര്‍ന്ന ബിസിസിഐ അച്ചടക്കസമിതിയാണ് റൌഫിനെ വിലക്കാനുള്ള നടപടി സ്വീകരിച്ചത്. 2013 സീസണിലെ ഐപിഎല്ലില്‍ വാതുവെപ്പ് കാരില്‍ നിന്ന് പാക് അമ്പയര്‍ വിലകൂടിയ സമ്മാനങ്ങളും വസ്തുക്കളും കൈപ്പറ്റിയെന്നാണ് ആരോപണം. ബിസിസി ഐയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ടൂര്‍ണമെന്റുകളിലോ ഈവന്റുകളിലോ കളിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ ബന്ധപ്പെടുകയോ ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആസാദ് റൗഫ് ഒത്തുകളിച്ചതായും വാതുവെപ്പ് കാരുമായി ഇദ്ദേഹത്തിന് പങ്കുണ്ടെന്നും മുംബൈയിലെ പ്രശസ്ത മോഡലായ ലീന കപൂര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ശ്രീലങ്കയില്‍ വെച്ചാണ് വാതുവെപ്പുകാരുമായി ഇടപാട് നടത്തിയതെന്നും ഇവരുമായി ആസാദിന് പങ്കുണ്ടെന്നും ലീന വ്യക്തമാക്കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ആസാദ് റൗഫ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നും ലീന കപൂര്‍ ആരോപിച്ചിരുന്നു. ഈ പരാതി ഇവര്‍ പിന്നീട് പിന്‍വലിച്ചു.