ക്രിക്കറ്റില്‍ ഒരാള്‍ക്ക് ഒരു താല്‍പ്പര്യം മതി; ബിസിസിഐയില്‍ ചര്‍ച്ചകള്‍ തുടങ്ങി
ചൊവ്വ, 4 ഓഗസ്റ്റ് 2015 (10:08 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഭിന്നതാത്പര്യ വിഷയത്തിന് പരിഹാരം കാണാൻ ബിസിസിഐ ചർച്ചകൾ തുടങ്ങി. ബിസിസിഐയുമായി കരാറിൽ ഒപ്പിട്ടിട്ടുള്ളവർ മറ്റ് വാണിജ്യ താത്പര്യങ്ങളിൽ ബന്ധപ്പെടാൻ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
അതേസമയം വിഷയത്തില്‍ താരങ്ങളും മുന്‍ താരങ്ങളും ഉദ്യോഗസ്ഥരും വ്യത്യസ്തമായ തട്ടിലാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ശുദ്ധീകരണത്തിനായി സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് ലോധ കമ്മിഷൻ നിർദ്ദേശങ്ങൾ സമർപ്പിക്കും മുൻപ് ഇക്കാര്യത്തിൽ തീരുമാനത്തിലെത്താനാണ് ബിസിസിഐയുടെ ആലോചന.
അതേസമയം, താരങ്ങളെയും മുൻ താരങ്ങളെയും കരാറിന്റെ ഭാഗമാക്കണമെന്ന ചർച്ച ബിസിസിഐയിൽ സജീവമായിട്ടുണ്ട്. അങ്ങനെ വന്നാൽ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് അടക്കമുള്ള താരങ്ങളെ ഇത് ബാധിക്കും. ബിസിസിഐയിൽ പദവികൾ വഹിക്കുന്ന ഇവരുൾപ്പെടെയുള്ള താരങ്ങൾ ചില ഐപിഎൽ ടീമുകളുടെ പ്രവർത്തനത്തിലും ഭാഗമാണ്. ഭിന്നതാതപര്യങ്ങളുടെ കരാറിൽ മുൻ താരങ്ങളെ ഉൾപ്പെടുത്തിയാൽ ഇവർക്ക് ഒരു പദവി മാത്രമേ വഹിക്കാനാകു. ഈ സാഹചര്യത്തിൽ താരങ്ങളെ ഒഴിവാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം.
ഐപിഎൽ ചെയർമാൻ രാജീവ് ശുക്ളയുടെ നേതൃത്വത്തിൽ ഇന്നലെ ഡൽഹിയിൽ നടന്ന ബിസിസിഐ പ്രവർത്തന സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ വിശദമായ ചർച്ച നടന്നത്. ഭിന്നതാത്പര്യങ്ങളുള്ളവരെ അസോസിയേഷന്റെ ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിവാക്കി നിറുത്തുമെന്ന് ഉറപ്പു നൽകുന്ന കരാരിൽ ഒപ്പുവയ്‌ക്കാൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബിസിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.