പരിക്കേറ്റ പന്തും ശ്രേയസ് അയ്യരും ബുമ്രയും വാർഷിക കരാറിൽ, തരം താഴ്ത്തിയത് കെ എൽ രാഹുലിനുള്ള ശക്തമായ മുന്നറിയിപ്പ്

തിങ്കള്‍, 27 മാര്‍ച്ച് 2023 (19:19 IST)
ഏതെല്ലാം താരങ്ങൾ ഇന്ത്യയുടെ ഭാവി പദ്ധതികളിൽ നിലനിൽക്കുമെന്ന് വ്യക്തമാക്കി ബിസിസിഐയുടെ വാർഷിക കരാർ. പ്രായമായി കരിയറിൻ്റെ അവസാനത്ത് നിൽക്കുന്ന പല താരങ്ങളും കരാറിൽ നിന്നും പുറത്ത് പോയത് വലിയ സൂചനയായാണ് ആരാധകർ കാണുന്നത്. സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ,ഭുവനേശ്വർ കുമാർ,ഇഷാന്ത് ശർമ,വൃദ്ധിമാൻ സാഹ,കേദാർ ജാദവ് എന്നിവരാണ് ഇത്തരത്തിൽ വാർഷിക കരാറിൽ നിന്നും പുറത്തായത്. ഇതോടെ ഈ താരങ്ങൾ ഇന്ത്യയുടെ ഭാവിപദ്ധതികളുടെ ഭാഗമാവില്ലെന്ന് ഉറപ്പായി.
 
മായങ്ക് അഗർവാൾ,ഹനുമാ വിഗാരി,ദീപക് ചാഹർ എന്നിവരാണ് വാർഷിക കരാറിൽ നിന്നും പുറത്തായ മറ്റ് താരങ്ങൾ. ഇന്ത്യയുടെ ഭാവി പ്രതീക്ഷയെന്ന് വിലയിരുത്തപ്പെടുന്നൗമ്രാൻ മാലിക്കിനെയും ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം കരിയറിൽ പരിക്ക് വലിയ ഭീഷണിയായി നിൽക്കുന്ന ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെ നിലവിലെ അതേ കരാറിൽ തന്നെയാണ് ബിസിസിഐ ഉൾപ്പെടുത്തിയിരുക്കുന്നത്. ഈ താരങ്ങൾക്കെല്ലാം വരാനിരിക്കുന്ന ആറ് മാസത്തോളം കളിക്കളത്തിൽ തിരിച്ചെത്താൻ സാധിക്കില്ല. എങ്കിലും പിന്തുണ തുടരാനുള്ള തീരുമാനമാണ് ബിസിസിഐ എടുത്തിരിക്കുന്നത്.
 
അതേസമയം ഇന്ത്യയുടെ ഉപനായകസ്ഥാനത്തേക്ക് പോലും പരിഗണിച്ചിരുന്നിരുന്ന കെ എൽ രാഹുലിനെ ബിസിസിഐ തരം താഴ്ത്താൻ തയ്യാറായതിനെ വ്യക്തമായ താക്കീതായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഇനിയും മോശം പ്രകടനം തുടർന്നാണ് കരാറിൽ നിന്നും തരം താഴ്ത്തപ്പെടാമെന്ന വ്യക്തമായ സൂചനയാണ് ഇത് താരത്തിന് നൽകുന്നത്. സി ഗ്രേഡ് കാറ്റഗറിയിൽ ഉൾപ്പെട്ടു എന്നത് സഞ്ജു സാംസണെ ടീം അവഗണിക്കുന്നുവെന്ന വിമർശനങ്ങൾക്ക് കുറവ് വരുത്തുമെന്നും കണക്കാക്കപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍