ചരിത്രത്തില്‍ ആദ്യമായി പാക്കിസ്ഥാനില്‍ 2-0 ത്തിനു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലും ആത്മവിശ്വാസത്തിലുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ഇന്ത്യക്കെതിരെയാണ് ബംഗ്ലാദേശ് ഇനി ടെസ്റ്റ് പരമ്പര കളിക്കാന്‍ പോകുന്നത്. പാക്കിസ്ഥാനെതിരായ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കരുത്തരായ ഇന്ത്യയെ നേരിടുമെന്നാണ് ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ പ്രതികരിച്ചത്.
' അടുത്ത പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. പാക്കിസ്ഥാനെതിരായ പരമ്പര വിജയം ഞങ്ങള്‍ക്കു വലിയ ആത്മവിശ്വാസം നല്‍കുന്നു. മുസ്തഫിസുര്‍ റഹ്‌മാന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരെ പോലെ വളരെ പരിചയസമ്പത്തുള്ള കളിക്കാര്‍ ഞങ്ങള്‍ക്കുണ്ട്. ഇന്ത്യയില്‍ അവരുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. മെഹ്ദി ഹസന്‍ മിറാഷ് ഇങ്ങനെയൊരു സാഹചര്യത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത് എടുത്തുപറയേണ്ട കാര്യമാണ്. പാക്കിസ്ഥാനെതിരെ ചെയ്തത് അവന്‍ ഇന്ത്യക്കെതിരെയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാനെതിരായ പ്രകടനം ഇന്ത്യക്കെതിരെയും തുടരാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു,' ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.
അതേസമയം പാക്കിസ്ഥാനെതിരായ പരമ്പര ജയത്തില്‍ അഭിരമിച്ച് ഇന്ത്യയിലേക്ക് വന്നാല്‍ ബംഗ്ലാദേശ് നാണംകെടുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ മുന്നറിയിപ്പ്. സെന രാജ്യങ്ങളില്‍ പോലും ടെസ്റ്റ് പരമ്പര ജയിക്കുന്ന ഇന്ത്യയെ സ്വന്തം നാട്ടില്‍ തോല്‍പ്പിക്കുക പ്രയാസകരമാണെന്നും അങ്ങനെയൊരു സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അതിനു കൂടുതല്‍ ആയുസ് ഉണ്ടാകില്ലെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. സെപ്റ്റംബര്‍ 19 നാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണ് നടക്കാന്‍ പോകുന്നത്.