കാര്‍ഡിഫില്‍ ഓസ്ട്രേലിയ ചാരമായി; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

Webdunia
ഞായര്‍, 12 ജൂലൈ 2015 (12:13 IST)
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 169 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. നാലാം ദിവസം 412 റണ്‍സെന്ന ലക്ഷ്യം കാണാനായി ഇറങ്ങിയ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 242 റണ്‍സിന് ഇംഗ്ളണ്ട് ചുരുട്ടിക്കെട്ടി.  ഓസിസ് 70.3 ഓവറില്‍ 242 റണ്‍സെടുത്തപ്പോഴേക്കും എല്ലാവരും കൂടാരം കയറി.  വാലറ്റത്ത് 77 റണ്‍സടിച്ച മിച്ചല്‍ ജോണ്‍സന്റെ ചെറുത്തുനില്‍പ്പില്ലായിരുന്നെങ്കില്‍ ഓസീസ് തോല്‍വി ഇതിലും കനത്തേനെ. സ്കോര്‍: ഇംഗ്ലണ്ട്  430, 289, ഓസ്ട്രേലിയ 308, 242

ജോണ്‍സണ് പുറമെ വാര്‍ണര്‍ ‍(52) സ്‌റ്റീവ് സ്മിത്ത് (33) എന്നിവര്‍ മാത്രമെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലീഷ് ആക്രമണത്തിന് മുന്നില്‍ ചെറുത്തുനില്‍ക്കാനെങ്കിലും ശ്രമിച്ചുള്ളു. രണ്ടാം തുടക്കത്തിലേ ക്രിസ് റോജേഴ്സിനെ നഷ്ടമായശേഷം ഓസീസിന് വാര്‍ണറും സ്മിത്തും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയതായിരുന്നു. എന്നാല്‍ സ്മിത്തിനെയും നായകന്‍ ക്ലാര്‍ക്കിനെയും (4) വീഴ്ത്തിയ ബ്രോഡ് ആ പ്രതീക്ഷകള്‍ കരിച്ചു കളഞ്ഞു. ആദം വോഗ്സിനെയും(1), ഷെയ്ന്‍ വാട്സണെയും(19) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ വു‍ഡ് ഓസീസ് പതനത്തിന് ആക്കം കൂട്ടി. മൂന്നു വീതം വിക്കറ്റുകളുമായി സ്റ്റുവര്‍ട്ട് ബ്രോഡും മൊയീന്‍ അലിയും രണ്ട് വീതം വിക്കറ്റുകളുമായി മാര്‍ക് വുഡും ജോ റൂട്ടുമാണ് ആസ്ട്രേലിയയെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് കളിയിലെ കേമന്‍.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 289 റണ്‍സിലൊതുങ്ങിയിരുന്നു. നഥാന്‍ ലിയോണിന്റെ നാലുവിക്കറ്റ് പ്രകടനമാണ് വന്‍ സ്കോറിന് വിടാതെ ഇംഗ്ലണ്ടിനെ പിടിച്ചുനിര്‍ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 430 റണ്‍സും ഓസ്ട്രേലിയ 308 റണ്‍സുമെടുത്ത് പുറത്താകുകയായിരുന്നു.