ഫോമിലേക്കുയർന്ന് വാർണറും ഫിഞ്ചും, ലോകകപ്പിൽ വരവറിയിച്ച് ഓസീസ്

വെള്ളി, 29 ഒക്‌ടോബര്‍ 2021 (12:40 IST)
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയക്ക് തുടർച്ചയായ രണ്ടാം വിജയം. മത്സരത്തിൽ ശ്രീലങ്കയുയർത്തിയ വിജയലക്ഷ്യമായ 155 റൺസ് മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് വിജയം.
 
42 പന്തിൽ നിന്നും 65 റൺസെടുത്ത വാർണറാണ് ഓസ്ട്രേലിയയുടെ ടോപ്‌ സ്കോറർ. ഐപിഎ‌ല്ലിലും തുടർന്ന് നടന്ന സന്നാഹമത്സരങ്ങളിലും നിരാശപ്പെടുത്തിയ വാർണർ ഫോമിലേക്കെത്തിയത് വലിയ ആവേശമാണ് ഓസീസ് ക്യാമ്പിൽ സൃഷ്ടിച്ചിട്ടുള്ളത്. വാർണർക്കൊപ്പം 23 പന്തിൽ നിന്നും 37 റൺസെടുത്ത നായകൻ ആരോൺ ‌ഫിഞ്ചും ഫോമിലേക്ക് മടങ്ങിയെത്തി.
 
വാർണറും ഫിഞ്ചും ഫോമിലേക്കെത്തിയതോടെ ഓസീസിന്റെ ലോകകപ്പ് സ്വപ്‌നങ്ങൾക്കും ചിറക് വെച്ചിരിക്കുകയാണ്. ഓപ്പണിങ്ങിൽ സഖ്യം ഫോമിലായതോടെ വാർണറും ഫിഞ്ചും തുടർന്ന് സ്മിത്തും മാക്‌സ്‌വെല്ലും സ്റ്റോയിനിസും അടങ്ങുന്ന ബാറ്റിങ് നിര ഈ ലോകകപ്പിൽ ഏത് ടീമിനും വെല്ലുവിളിയാകുമെന്നുറപ്പ്. ബൗളിങിൽ പാറ്റ് കമ്മിൻസും ഹേസൽവുഡും മിച്ചൽ സ്റ്റാർക്കും അട‌ങ്ങുന്ന പേസ് നിര ലോകോത്തരമാണ്.
 
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്.  78-1 എന്ന നിലയിൽ മത്സരത്തിൽ ശക്തമായ നിലയിലായിരുന്നെങ്കിലും ക്രീസിൽ നിലയുറപ്പിച്ച കുശാല്‍ പേരേരയെ സ്റ്റാര്‍ക്ക് മനോഹരമായൊരു യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വലിയ തകർച്ചയാണ് ലങ്ക നേരിട്ടത്.
 
ഓസീസിനായി ആദം സാംപ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റും പാറ്റ് കമിന്‍സ് നാലോവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍