Asia Cup 2023, India vs Pakistan: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ അടിയറവ് പറയിപ്പിച്ച് ഇന്ത്യ. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 228 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 ന് ഓള്‍ഔട്ടായി. സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് സൂപ്പര്‍ ഫോറില്‍ ഇനി ഇന്ത്യയുടെ എതിരാളികള്‍.
ഫഖര്‍ സമാന്‍ (50 പന്തില്‍ 27), സല്‍മാന്‍ അലി അഖ (32 പന്തില്‍ 23), ഇഫ്തിഖര്‍ അഹമ്മദ് (35 പന്തില്‍ 23), ബാബര്‍ അസം (24 പന്തില്‍ 10) എന്നിവര്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ രണ്ടക്കം കണ്ടത്. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി എട്ട് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍.
വിരാട് കോലിയുടേയും കെ.എല്‍.രാഹുലിന്റേയും സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. വെറും 94 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 122 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. കോലി തന്നെയാണ് കളിയിലെ താരം. ഏകദിന കരിയറിലെ 47-ാം സെഞ്ചുറിയാണ് കോലി പാക്കിസ്ഥാനെതിരെ നേടിയത്. കെ.എല്‍.രാഹുല്‍ 106 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും സഹിതം 111 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.