മക്കൾക്ക് ഐപിഎൽ കാണണം, അശ്വിന് പോലും ചെന്നൈ മത്സരത്തിന് ടിക്കറ്റില്ല!

അഭിറാം മനോഹർ
ചൊവ്വ, 19 മാര്‍ച്ച് 2024 (17:24 IST)
സാന്റാക്ലോസ് ഉണ്ടെന്നെല്ലാം പറയുന്നത് വെറും നുണയാ, ആരെങ്കിലും അയാളെ കണ്ടിട്ടുണ്ടോ എന്ന് പറയുന്നത് പോലെയാണ് ഐപിഎല്‍ 2024 സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ ബാംഗ്ലൂര്‍ മത്സരത്തിന്റെ ടിക്കറ്റുകളുടെ കാര്യവും. ഓണ്‍ലൈനായി ടിക്കറ്റ് ലഭിക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും ഓണ്‍ലൈനില്‍ തപ്പിയ പലര്‍ക്കും സൈറ്റ് ലോഡാവാത്തതിനാല്‍ ടിക്കറ്റുകള്‍ ലഭിച്ചില്ല. എന്നാല്‍ നിമിഷ നേരം കൊണ്ട് ടിക്കറ്റുകള്‍ വിറ്റുപോവുകയും ചെയ്തു. കഴിഞ്ഞ തവണത്തെ പോലെ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കാനായി കൂട്ടമായി ആളുകള്‍ ഇത് വാങ്ങിയതാകാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
ഇതിനിടെ ഐപിഎല്‍ ഉദ്ഘാടനമത്സരം കാണാന്‍ തന്റെ മക്കള്‍ക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ ടിക്കറ്റുകള്‍ കിട്ടാനില്ലെന്നും പരാതിപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍. ടിക്കറ്റ് ലഭിക്കാനായി സിഎസ്‌കെ മാനേജ്‌മെന്റ് സഹായിക്കണമെന്നും അശ്വിന്‍ എക്‌സില്‍ കുറിച്ചു. പഴയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ അശ്വിന് പോലും മത്സരത്തിന്റെ ടിക്കറ്റ് സംഘടിപ്പിക്കാനാവുന്നില്ലെങ്കില്‍ ആരായിരിക്കും ഈ ടിക്കറ്റുകള്‍ വാങ്ങിയതെന്നാണ് ആരാധകരും ചോദിക്കുന്നത്. തിങ്കളാഴ്ച മുതലായിരുന്നു ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തുടങ്ങിയത്. മത്സരത്തിന്റെ ഓഫ് ലൈന്‍ ടിക്കറ്റുകളുടെ വില്പന ഇതുവരെ ആരംഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article