ആഷസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം, റെക്കോർഡ് നേട്ടത്തിനരികെ സ്റ്റീവ് സ്മിത്ത്

വെള്ളി, 16 ജൂണ്‍ 2023 (15:30 IST)
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമെന്ന് വിശേഷണമുള്ള ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ഓസീസ് ഇറങ്ങുമ്പോള്‍ ബാസ് ബോള്‍ ക്രിക്കറ്റിലൂടെ അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ തുടര്‍ച്ചയായ വിജയങ്ങളാണ് ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കുന്നത്.
 
ഓസീസ് പേസര്‍മാരും ഇംഗ്ലണ്ട് പേസര്‍മാരും തമ്മിലുള്ള ശക്തമായ മത്സരമാകും ഇക്കുറി ആഷസില്‍ കാണാനാവുക. ജെയിംസ് ആന്‍ഡേഴ്‌സണ്‍,സ്റ്റുവര്‍ട്ട് ബ്രോഡ് എന്നീ വെറ്ററന്‍ താരങ്ങളും ഒലി റോബിന്‍സണുമാണ് ഇംഗ്ലണ്ടിന്റെ പേസര്‍മാര്‍. പാറ്റ് കമ്മിന്‍സ്, ബോളണ്ട്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ അണിനിരക്കുന്ന ഓസീസ് ബൗളിംഗ് നിരയും ശക്തമാണ്. അതേസമയം മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡിനരികെയാണ് ഓസീസ് സൂപ്പര്‍ താരമായ സ്റ്റീവ് സ്മിത്ത്.
 
ആഷസ് പരമ്പരയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സെഞ്ചുറി നേടാനായാല്‍ നിലവില്‍ ഇംഗ്ലണ്ടില്‍ കളിച്ച ടെസ്റ്റുകളില്‍ കൂടുതല്‍ സെഞ്ചുറി നേടിയ സന്ദര്‍ശക ടീമിലെ ബാറ്ററെന്ന നേട്ടം സ്മിത്തിന് സ്വന്തമാകും. ഇംഗ്ലണ്ടില്‍ കളിച്ച 16 മാച്ചില്‍ നിന്നും 7 സെഞ്ചുറിയാണ് സ്മിത്തിന്റെ സമ്പാദ്യം. 19 മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടില്‍ 11 സെഞ്ചുറികള്‍ സ്വന്തമാക്കിയ ഓസീസ് ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍