ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ആസ്ട്രേലിയന്‍ ടീമിന്റെ പരാജയ കാരണം കണ്ടെത്തി. മുന്‍ ആസ്‌ട്രേലിയന്‍ താരവും ടിവി കമന്റേറ്ററുമായ ഇയാന്‍ ഹീലിയാണ് കാരണങ്ങല്‍ കണ്ടെത്തിയത്. പരാജയത്തിനു മുഖ്യകാരണം ആസ്ട്രേലിയന്‍ താരങ്ങളുടെ കാമുകിമാരും ജീവിത പങ്കാളികളുമാണെന്നാണ് ഹീലി പറയുന്നത്. ഈ പെണ്‍പടകളുടെ സാന്നിധ്യമാണ് കളി തോല്‍ക്കാന്‍ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്.
''ഓസ്‌ട്രേലിയയുടെ എല്ലാ കളിക്കാരുടെയും പങ്കാളികള്‍ ഇവിടെയുണ്ട്. ഞങ്ങളൊക്കെ കളിക്കുന്ന കാലത്ത് ഭാര്യയെ ഒരിക്കലും ഗ്രൗണ്ടിലേക്ക് കൊണ്ടുവരാറില്ലായിരുന്നു. നല്ല ഏകാഗ്രത ആവശ്യമുള്ള കളിയാണ് ക്രിക്കറ്റ്. ഭാര്യയുടെ സാന്നിധ്യം ഏകാഗ്രതയെ ബാധിക്കും''- ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഹീലി കമന്ററിക്കിടെ പറഞ്ഞു.
മൈക്കല്‍ ക്ലാര്‍ക്കിന്റെ ഭാര്യ കൈലി ക്ലാര്‍ക്ക്, പീറ്റര്‍ നെവിലിന്റെ കാമുകി സാം നെല്‍സണ്‍, നഥാന്‍ ലിയോണിന്റെ കാമുകി മെലീസ വാറിങ്, മിച്ചല്‍ ജോണ്‍സന്റെ ഭാര്യ ജെസ്സിക്ക ജോണ്‍സണ്‍, സ്റ്റീവ് സ്മിത്തിന്റെ കാമുകി ഡാനി വില്ലിസ് തുടങ്ങിയവര്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓസീസ് താരങ്ങളുടെ ജവിതപങ്കാളികളെ പൊതുവെ വാഗ്സ് എന്നാണ് വിളിക്കുന്നത്. WAGS- വൈഫ് ആന്‍ഡ് ഗേള്‍ഫ്രണ്ട്‌സ് എന്നാണ് മുഴുവന്‍ പേര്‍. ഏതായാലും മുന്‍ താരത്തിന്റെ പ്രസ്താവനയോട് ഇതേവരെ ആരും പ്രതികരിച്ചിട്ടില്ല.