ആഷസ് പരമ്പര; കംഗാരുക്കള്‍ക്ക് അടിപതറുന്നു

Webdunia
വെള്ളി, 31 ജൂലൈ 2015 (09:42 IST)
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും ആസ്‌ട്രേലിയക്ക് തകര്‍ച്ച. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ വീണ്ടും ഇംഗ്ളീഷ് പേസിന് മുന്നിൽ പതറി. ഒന്നാം ഇന്നിങ്‌സില്‍ 135 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എന്ന നിലയിലാണ് കംഗാരുക്കള്‍ ഇപ്പോള്‍. മൂന്ന് വിക്കറ്റ് ശേഷിക്കേ 15 റണ്‍ ലീഡാണ് അവര്‍ക്കുള്ളത്. സ്‌കോര്‍: ആസ്‌ട്രേലിയ- 136/10, 162/7; ഇംഗ്ലണ്ട്- 281/10.

നാല് വിക്കറ്റെടുത്ത ഇംഗ്ളീഷ് പേസർ സ്റ്റീഫൻ ഫിന്നാണ് ആസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സിൽ കുഴപ്പത്തിലാക്കിയത്. ബ്രോഡ് ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അർദ്ധസെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന ഡേവിഡ് വാർണറിലാണ് ഇനി കംഗാരുക്കളുടെ പ്രതീക്ഷ. ക്രിസ് റോജേഴ്സിനെ (6) ടീം സ്കോർ 17 ൽവച്ച് എൽബിയിൽ കുരുക്കി സ്റ്റുവർട്ട് ബ്രോഡാണ് ഇംഗ്ളീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്നാണ് സ്റ്റീഫൻ ഫിൻ കളിയുടെ കടിഞ്ഞാൺ കൈയിലെടുത്തത്. സ്റ്റീവ് സ്മിത്ത് (8), മൈക്കേൽ ക്ളാർക്ക് (3), ആദംവോഗ്സ് (0), മിച്ചൽ മാർഷ് (6) എന്നിവരാണ് ഫിന്നിന്റെ ഇരകൾ.

രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിങ് ആണ് ഓസീസിന് ലീഡ് നേടിക്കൊടുത്തത്. വാര്‍ണര്‍ 62 പന്തില്‍ 77 റണ്‍സെടുത്തു. പീറ്റര്‍ നെവില്‍ (36 നോട്ടൗട്ട്), മിച്ചല്‍ ജോണ്‍സണ്‍ (14) എന്നിവരാണ് ഇതുവരെ രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ ആസ്‌ട്രേലിയയെ 136 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങില്‍ 281 റണ്‍സെടുത്തു.

ഇയാന്‍ ബെല്‍ (53), ജോ റൂട്ട് (63), മൊയീന്‍ അലി (59) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായത്. അലിസ്റ്റര്‍ കുക്ക് (34), സ്റ്റുവര്‍ട്ട് ബ്രോഡ് (31) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ആസ്‌ട്രേലിയക്കായി ഹേസല്‍വുഡും നഥാന്‍ ലയണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നത്തെ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സണ്‍ ടെസ്റ്റില്‍ 300 വിക്കറ്റ് തികച്ചു. മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് നേടി.