സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും യുവതാരവുമായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. അവസാന ഓവറില്‍ 20 റണ്‍സ് പ്രതിരോധിക്കാന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ചുമതലയേല്‍പ്പിച്ചത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെയാണ്. തുടക്കക്കാരന്റെ പതര്‍ച്ചകളൊന്നും ഇല്ലാതെ വളരെ മികച്ച രീതിയില്‍ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം അര്‍ജുന്‍ നിറവേറ്റുകയും ചെയ്തു.
രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു സണ്‍റൈസേഴ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അബ്ദുള്‍ സമദും ബുവനേശ്വര്‍ കുമാറുമായിരുന്നു ക്രീസില്‍. ആറ് പന്തില്‍ 20 എന്നത് ഐപിഎല്ലില്‍ അത്ര വലിയ റണ്‍മലയൊന്നും അല്ല. എന്നിട്ടും കൃത്യതയോടെ പന്തെറിഞ്ഞ് അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചു.
രണ്ട് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നില്‍ക്കുമ്പോഴാണ് രോഹിത് അര്‍ജുനെ അവസാന ഓവര്‍ എറിയാന്‍ വിളിക്കുന്നത്. അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അര്‍ജുന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. ഒരു ബൗണ്ടറി പോലും അവസാന ഓവറില്‍ അര്‍ജുന്‍ വഴങ്ങിയില്ല.
സച്ചിന്റെ മകനായതുകൊണ്ട് മാത്രം മുംബൈ ഇന്ത്യന്‍സില്‍ എത്തിയെന്നാണ് ഈ സീസണ്‍ തുടക്കത്തില്‍ വരെ വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അച്ഛന്റെ ലേബലില്‍ അല്ല തനിക്ക് കഴിവുള്ളതുകൊണ്ട് തന്നെയാണ് ടീമിലെത്തിയതെന്നും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചതെന്നും തന്റെ പ്രകടനം കൊണ്ട് വ്യക്തമാക്കുകയാണ് അര്‍ജുന്‍. വരും മത്സരങ്ങളിലും അര്‍ജുന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.