അവര്‍ മൂന്ന് പേര്‍ കളിച്ചാല്‍ കളിച്ചു ! ആര്‍സിബിയുടെ അവസ്ഥ വല്ലാത്ത കഷ്ടം തന്നെയെന്ന് ആരാധകര്‍

ചൊവ്വ, 18 ഏപ്രില്‍ 2023 (07:55 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ എട്ട് റണ്‍സിന് തോല്‍വി വഴങ്ങിയതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആരാധകര്‍. ടീം ഘടന അമ്പേ പരാജയമാണെന്നും ഈ ടീമിനെ വെച്ച് ഒരിക്കലും കിരീടം നേടാന്‍ സാധിക്കില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 
 
ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്വെല്ലും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതിനു ശേഷമാണ് ബാംഗ്ലൂരിന്റെ തകര്‍ച്ച. ഒരു സമയത്ത് ബാംഗ്ലൂര്‍ വിജയം ഉറപ്പിച്ചതാണ്. 15-2 എന്ന നിലയില്‍ പരുങ്ങിയെങ്കിലും പിന്നീട് ഡു പ്ലെസിസും മാക്‌സ്വെല്ലും ചേര്‍ന്ന് ആര്‍സിബിക്കായി സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം ടോട്ടല്‍ 141 ല്‍ എത്തിയ ശേഷമാണ് ഈ കൂട്ടുകെട്ട് തകരുന്നത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടു. 
 
മധ്യനിരയില്‍ കൂറ്റനടിക്ക് പേരുകേട്ട ഒരു താരം ഉണ്ടായിരുന്നെങ്കില്‍ ആര്‍സിബിക്ക് ഈ ഗതി വരില്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലി-ഫാഫ് ഡു പ്ലെസിസ്-ഗ്ലെന്‍ മാക്‌സ്വെല്‍ ത്രയം കളിച്ചില്ലെങ്കില്‍ ആര്‍സിബി വട്ടപൂജ്യമാണെന്നാണ് വിമര്‍ശനം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ മാര്‍ക്ക്‌സ് സ്റ്റോയ്‌നിസ്, രാജസ്ഥാന്‍ റോയല്‍സില്‍ ഷിമ്രോണ്‍ ഹെറ്റ്മയര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ആന്ദ്രേ റസല്‍ തുടങ്ങി വമ്പന്‍ അടിക്കാര്‍ ഉള്ള പോലെ ആര്‍സിബിക്ക് അത്തരമൊരു താരമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മധ്യനിരയില്‍ ഇംപാക്ട് പ്ലെയര്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ കളി ജയിക്കുമായിരുന്നെന്ന് ആര്‍സിബി ആരാധകര്‍ തന്നെ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍