എയ്ഞ്ചലോ മാത്യൂസ് രാജിവച്ചു; ലങ്കന്‍ ടീമില്‍ വമ്പന്‍ പൊളിച്ചെഴുത്ത്
വ്യാഴം, 13 ജൂലൈ 2017 (14:05 IST)
സിംബാബ്‌വെയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പര അടിയറവച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ സ്‌ഥാനം എയ്ഞ്ചലോ മാത്യൂസ് രാജിവച്ചു.
മാത്യുസിന്റെ രാജി സ്വീകരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തിലംഗ സുമതിപാല അറിയിച്ചു.
മാത്യുസിനു പകരം ടെസ്‌റ്റ് ടീമിന്റെ ക്യാപ്‌റ്റനായി ദിനേശ് ചണ്ഡിമലിനേയും ഏകദിന, ട്വന്റി-20 ടീം ക്യാപ്‌റ്റനായി ഉപുല്‍തരംഗയേയും നിയമിച്ചു.
നാട്ടില്‍ നടന്ന പരമ്പരയില്‍ 3-2നാണ് സിംബാബ്‌വെയ്‌ക്കു മുന്നില്‍ ലങ്ക തോറ്റത്. ഇതോടെയാണ് 30 കാരനായ മാത്യൂസ് ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലെ നായക പദവിയും രാജിവച്ചതായി പ്രഖ്യാപിച്ചത്.
ഞെട്ടിക്കുന്ന തോല്‍വിയില്‍നിന്ന് മുക്‌തനായിട്ടില്ലെന്നും കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരേ പുറത്തെടുത്തതെന്നും രാജിവച്ചശേഷം എയ്‌ഞ്ചലോ മാത്യുസ് പറഞ്ഞു.