ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പര തോറ്റതിന് പിന്നാലെ സമ്മര്‍ദ്ദം ശക്തമായതോടെ ഇംഗ്ലണ്ട് ടെസ്‌റ്റ് നായക സ്ഥാനത്തു നിന്നും അലിസ്‌റ്റ് കുക്ക് രാജിവച്ചു. ജോ റൂട്ടോ ബെന്‍ സ്റ്റോക്കോ ആയിരിക്കും അടുത്ത ടെസ്‌റ്റ് നായകന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രാജിവയ്‌ക്കല്‍ തീരുമാനം ശരിക്കും കടുത്ത ഒരു തീരുമാനമായിരുന്നു. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി എന്നത് എന്നെ സംബന്ധിച്ച് വലിയ ബഹുമതിയാണ്. അഞ്ചു വര്‍ഷത്തോളം ടീമിനെ നയിക്കാനായതും ഭാഗ്യമായി കാണുന്നു. എന്നെ സംബന്ധിച്ചും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനും ഇത് ശരിയായ തീരുമാനമാണെന്ന് എനിക്കറിയാമെന്നും രാജിക്ക് ശേഷം കുക്ക് വ്യക്തമാക്കി.
ടെസ്‌റ്റ് കളിക്കാരനായി തുടരാനാണ് ഞാന്‍ ഇനി ആഗ്രഹിക്കുന്നത്, അടുത്ത ഇംഗ്ലീഷ് നായകന് മുഴുവന്‍ പിന്തുണയും സഹായവും എന്നാല്‍ കഴിയുന്ന വിധം ഞാന്‍ നല്‍കുമെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു.
2012ല്‍ ഇംഗ്ലണ്ട് ടെസ്‌റ്റ് ടീം നായകനായി ചുമതല ഏറ്റെടുത്ത കുക്ക് 59 ടെസ്‌റ്റുകളില്‍ നിന്നായി ഇംഗ്ലണ്ടിനായി ഏറ്റവും അധികം നായകസ്ഥാനം വഹിച്ച് റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്‌തിരുന്നു. 2013, 2015 ലും ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയിലെ ജയം കുക്കിനെ മികച്ച നായകനാക്കി.
ഇംഗ്ലണ്ടിനായി 140 ടെസ്റ്റുകള്‍ കളിച്ച കുക്ക് 253 ഇന്നിംഗ്‌സുകളില്‍ നിന്നായി 11,057 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 30 സെഞ്ച്വറികളും, 53 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. 92 ഏകദിനങ്ങളിലും നാല് ട്വന്റി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ് പരമ്പരയില്‍ വന്‍ തോല്‍വി നേരിട്ടതിന് പിന്നാലെ കുക്കിന്റെ രാജിക്കായി മുറവിളി ശക്തമായിരുന്നു.