ലക്ഷ്യം ഏകദിന ലോകകപ്പ്: അജിത് അഗാര്‍ക്കറെ ചീഫ് സെലക്ടറായി നിയമിച്ചു

ബുധന്‍, 5 ജൂലൈ 2023 (11:24 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കര്‍ ഇനി ചീഫ് സെലക്ടര്‍ സ്ഥാനത്ത്. അഗാര്‍ക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ക്രിക്കറ്റ് അഡ്വസൈറി കമ്മിറ്റി (CAC) അഗാര്‍ക്കറുമായി ഓണ്‍ലൈന്‍ അഭിമുഖം നടത്തി. എതിരില്ലാതെയാണ് അഗാര്‍ക്കര്‍ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ശിവ് സുന്ദര്‍ ദാസ്, സലില്‍ അങ്കോല, സുബ്രതോ ബാനര്‍ജി, ശ്രീധരന്‍ ശരദ് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. 
 
വാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാം എന്ന ബിസിസിഐയുടെ ഉറപ്പിലാണ് ചീഫ് സെലക്ടര്‍ സ്ഥാനം ഏറ്റെടുക്കാന്‍ അഗാര്‍ക്കര്‍ തയ്യാറായതെന്നാണ് വിവരം. നിലവില്‍ ഒരു കോടിയാണ് മുഖ്യ സെലക്ടറുടെ വരുമാനം. സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ചീഫ് സെലക്ടറുടെ ചുമതല ഏറ്റെടുക്കാന്‍ വേണ്ടി അഗാര്‍ക്കര്‍ ഐപിഎല്ലിലെ ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. 
 
ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് സെലക്ടേഴ്‌സ് പാനലില്‍ അടിമുടി അഴിച്ചുപണി നടത്താന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യ സെലക്ടറായിരുന്ന ചേതന്‍ ശര്‍മ രാജിവെച്ചത്. അതിനുശേഷം മുഖ്യ സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ചേതന്‍ ശര്‍മയുടെ രാജിക്ക് ശേഷം പാനലിലെ ഒരംഗമായ ശിവ് സുന്ദര്‍ ദാസാണ് നിലവിലെ സെലക്ഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശിവ് സുന്ദര്‍ ദാസിന്റെ കീഴില്‍ തന്നെ ഏകദിന ലോകകപ്പിനുള്ള ടീമിനെ സെലക്ട് ചെയ്യാമെന്നായിരുന്നു ബിസിസിഐ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ബിസിസിഐ നേതൃത്വത്തിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ രൂപപ്പെട്ടു. തുടര്‍ന്നാണ് പുതിയ ചീഫ് സെലക്ടറെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. 
 
നിലവില്‍ കമന്റേറ്റര്‍ എന്ന നിലയിലാണ് അഗാര്‍ക്കര്‍ ക്രിക്കറ്റില്‍ സജീവമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്നു അഗാര്‍ക്കര്‍. ഇന്ത്യക്ക് വേണ്ടി 26 ടെസ്റ്റ് മത്സരങ്ങളും 191 ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളും അഗാര്‍ക്കര്‍ കളിച്ചിട്ടുണ്ട്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍