നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ താരമായ അജിങ്ക്യ രഹാനെ നടത്തുന്നത്. സെമിഫൈനല്‍ മത്സരത്തില്‍ ബറോഡയ്‌ക്കെതിരെ 98 റണ്‍സ് പ്രകടനത്തോടെ മുംബൈയെ ഫൈനലിലെത്തിച്ചിരിക്കുകയാണ് രഹാനെ ഇപ്പോള്‍. 56 പന്തുകളില്‍ നിന്നും 11 ഫോറും 5 സിക്‌സും സഹിതം 98 റണ്‍സാണ് താരം ഇന്ന് നേടിയത്. ടൂര്‍ണമെന്റില്‍ കളിച്ച 8 കളികളിലെ 7 ഇന്നിങ്ങ്‌സില്‍ നിന്നും അഞ്ചാമത്തെ അര്‍ധസെഞ്ചുറിയാണ് രഹാനെ നേടിയത്. രഹനായ്ക്ക് പുറമെ മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 46 റണ്‍സുമായി തിളങ്ങി.
ടൂര്‍ണമെന്റില്‍ 13,52,68,22,95,84 എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരങ്ങളിലെ രഹാനെയുടെ പ്രകടനം. ഇതില്‍ വിദര്‍ഭയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ 84 റണ്‍സും ഉള്‍പ്പെടുന്നു. നിലവിലെ ഫോം തുടരുകയാണെങ്കില്‍ ഐപിഎല്ലില്‍ രഹാനെ കൊല്‍ക്കത്തയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ കരുതുന്നത്.