അവസരത്തിനു പിന്നാലെ ഓടരുത്, നിന്നെ തേടിയെത്തും, ഇപ്പോള്‍ ചെയ്യുന്നത് തുടരുക; രഹാനെയെ പ്രചോദിപ്പിച്ചത് രാഹുലിന്റെ ഉപദേശം
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകനാണ് അജിങ്ക്യ രഹാനെ. വിരാട് കോലിയെ പോലെ തന്നെ ഇന്ത്യ ആശ്രയിക്കുന്ന പ്രമുഖതാരം. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ രഹാനെ ഒരുപാട് കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. അവസരത്തിനായി കാത്തിരിക്കുമ്പോഴും തന്നെ നിരാശനാക്കാതെ ശക്തിപ്പെടുത്തിയത് മുന്‍ ഇന്ത്യന്‍ താരവും ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന്റെ ഉപദേശമെന്ന് രഹാനെ പറയുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ രഹാനെ മികച്ച പ്രകടനം നടത്തിയിരുന്ന സമയമായിരുന്നു അത്. എന്നാല്‍, ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അവസരം ലഭിച്ചിരുന്നില്ല. 2008-09 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ കളിക്കുന്ന സമയത്ത് രാഹുല്‍ ദ്രാവിഡ് നല്‍കിയ ഉപദേശം രഹാനെ ഓര്‍ത്തെടുക്കുന്നു.
'മത്സരശേഷം രാഹുല്‍ ഭായ് (രാഹുല്‍ ദ്രാവിഡ്) എന്നെ വിളിച്ചു. 'ഞാന്‍ നിന്നെ കുറിച്ച് ഒരുപാട് വായിച്ചു, നീ ഒരുപാട് റണ്‍സ് അടിച്ചെടുക്കുകയാണല്ലോ. നീ ഇപ്പോള്‍ ചെയ്യുന്നത് തുടരുക. ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കാന്‍ അതിനു പിന്നാലെ ഓടരുത്. മറിച്ച് ഇപ്പോള്‍ നടത്തുന്ന പ്രകടനം തുടരുക. അവസരം നിന്നെ തേടിയെത്തും,' എന്ന ഉപദേശമാണ് അദ്ദേഹം എനിക്ക് നല്‍കിയത്. രാഹുല്‍ ദ്രാവിഡിനെ പോലൊരു ഇതിഹാസതാരം നല്‍കിയ ഉപദേശം എന്നെ പ്രചോദിപ്പിച്ചു. എനിക്ക് കൂടുതല്‍ കരുത്ത് നല്‍കി. അതിനുശേഷം രണ്ട് വര്‍ഷം ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നു. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാണ് എനിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നത്,' രഹാനെ പറഞ്ഞു.