മക്കല്ലത്തിന്റെ തോളിലേറി കിവികള്‍ പടക്കളത്തിലേക്ക്

വെള്ളി, 20 മാര്‍ച്ച് 2015 (14:02 IST)
ലോക ക്രിക്കറ്റില്‍ ഓള്‍റൌണ്ട് കൊണ്ട് മികവില്‍ അന്നും ഇന്നും മുന്നിട്ട് നില്‍ക്കുന്ന ടീമാണ് ന്യൂസിലന്‍ഡ്. 10 ലോകകപ്പുകളില്‍ ആറ് തവണ സെമിയിലെത്തിയ കിവികള്‍ക്ക് ഓര്‍മിക്കാന്‍ പറ്റിയ നേട്ടങ്ങളൊന്നും ഇതുവരെ നെടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ 2015 ലോകകപ്പിന് അണിനിരക്കുന്ന ടീമിന്റെ ഹൈലൈറ്റ് നായകന്‍ ബ്രണ്ടം മക്കല്ലമാണെന്നതില്‍ സംശയമില്ല. പഴയതു പോലെ തന്നെ നീണ്ട ഓള്‍റൌണ്ട് മികവ് തന്നെയാണ് ഇത്തവണയും അവരുടെ മുതല്‍ കൂട്ട്.

പ്രാഥമിക റൌണ്ടിലെ ആറ് കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടണ് ന്യൂസിലന്‍ഡ് ക്വേര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് എത്തുന്നത്. മികച്ച ബാറ്റിംഗ്-ബോളിംഗ് നിരയാണ് അവരുടെ കരുത്ത്. ഏത് നിമിഷവും കളി തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള  ഓള്‍റൌണ്ട് മികവ് തന്നെയാണ് എടുത്തു പറയേണ്ട കാര്യം. നാട്ടില്‍ മത്സരം നടക്കുന്നതിന്റെ ആനൂകൂല്യവും അവര്‍ക്ക് സ്വന്തമാണ്.

ന്യൂസിലന്‍ഡിന്റെ ശക്തി:-

   നായകന്‍ ബ്രണ്ടം മക്കല്ലം മുന്നില്‍ നിന്ന് നയിക്കുന്നതാണ് ന്യൂസിലന്‍ഡിന്റെ വീര്യം കൂടാന്‍ കാരണം. ബാറ്റിംഗ് നിരയില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ ആറ് കളികളില്‍ നിന്നായി 261 റണ്‍സ് നേടിയിട്ടുണ്ട്. അത്രയും മത്സരങ്ങളില്‍ നിന്ന് തന്നെ മക്കല്ലം 257 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ മുതിര്‍ന്ന താരങ്ങളും യുവനിരയും ഒത്തുച്ചേരുന്നതാണ് കിവിസ് ടീം. ഗ്രാന്റ് എലിയാട്ട്, ട്രെന്റ് ബോള്‍ട്ട്, റോസ് ടെയ്‌ലര്‍ എന്നിവര്‍ ചേരുന്നതാണ് അവരുടെ മധ്യനിര. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള കോറി ആന്‍ഡേഴ്‌സണും കിവിസ് നിരയിലുണ്ട്.

ബോളിംഗ് നിരയുടെ കാര്യം പറയുകയാണെങ്കില്‍ വളരെ മുന്നിലാണ് കിവികള്‍. പരിചയസമ്പന്നതയുടെ പര്യായായമായ ഡാനിയല്‍ വെട്ടോറി ടീമില്‍ ഉള്ളത് അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ആറ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ കരസ്ഥമാക്കിയ ട്രെന്റ് ബോള്‍ട്ടും 13 വിക്കറ്റുകള്‍ നേടിയ വെട്ടേറിയും എതിരാളികള്‍ക്ക് പേടിസ്വപ്‌നമാണ്. ടീം സൌത്തിയും കോറി ആന്‍ഡേഴ്‌സണും മധ്യ ഓവറുകളില്‍ വിക്കറ്റ് എടുക്കാന്‍ മിടുക്കന്മാരാണ്. ദക്ഷിണാഫ്രിക്കയെ വെല്ലുന്ന തരത്തിലുള്ള ഫീല്‍ഡിംഗ് നിരയാണ് അവരുടെ മറ്റൊരു ശക്തി.

ന്യൂസിലന്‍ഡിന്റെ വീക്ക്‍നെസ്‌: -

    തകര്‍പ്പന്‍ താരമായ റോസ് ടെയ്‌ലര്‍ പരാജയപ്പെടുന്നതാണ് മക്കല്ലത്തെ വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീം തകരുന്നതും സ്‌പിന്‍ ബോളിംഗിനെ നേരിടുന്നതില്‍ കാണിക്കുന്ന അലസതയും അവര്‍ക്ക് എന്നും വിനയാണ്. തുടക്കത്തില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞാല്‍ ടീമിനെ മാന്യമായ നിലയില്‍ എത്തിക്കാന്‍ മധ്യ നിരയ്ക്ക് പലപ്പോഴും കഴിയാത്തതും പ്രശ്‌നമാണ്. വമ്പന്‍ ടോട്ടലുകള്‍ നേരിടാന്‍ ഇറങ്ങുബോള്‍ ടീം പലപ്പോഴും പതറുന്നത് പതിവാണ്. എതിര്‍ ബാറ്റ്‌സ്‌മാന്മാര്‍ തുടക്കത്തില്‍ മികച്ച ടോട്ടലിലേക്ക് നീങ്ങിയാല്‍ അലസത കാണിക്കുന്ന ബോളിംഗ് നിര കിവികള്‍ക്ക് വെല്ലുവിളിയാണ്.
കുറവുകള്‍ പരിഹരിച്ച് നാളെ വെസ്‌റ്റ് ഇന്‍ഡീസിനെ നേരിടാന്‍ ഇറങ്ങിയാല്‍ അവര്‍ക്ക് ഫൈനലില്‍ എത്താം.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



         

വെബ്ദുനിയ വായിക്കുക