കടുവകളെ ഇന്ന് കയറ്റി അയയ്ക്കും; ബോളര്‍മാര്‍ കരുത്ത് കാട്ടുന്നു

വ്യാഴം, 19 മാര്‍ച്ച് 2015 (16:05 IST)
ലോകകപ്പ് ക്രിക്കറ്റ് ക്വാ‌ർട്ടർ ഫൈനലിൽ ഇന്ത്യ ഉയര്‍ത്തിയ 302 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് തോല്‍‌വിയിലേക്ക്. അവസാനം വിവരം ലഭിക്കുബോള്‍ കടുവകള്‍  34 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 143  റണ്‍സെന്ന നിലയിലാണ്. മുഷ്‌ഫിക്കര്‍ റഹീം (27*) സബീര്‍ റഹ്‌മാന്‍ (14*) എന്നിവരാണ് ക്രീസില്‍.

നേരത്തെ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ (137) കരുത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 302 റണ്‍സെടുക്കുകയായിരുന്നു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഏഴാന്‍ ഓവറില്‍ ഉമേഷ് യാധവിന് വിക്കറ്റ് സമ്മാനിച്ച് തമീം ഇഖ്‌ബാല്‍ (25) പുറത്താകുകയായിരുന്നു. അടുത്ത പന്തില്‍ തന്നെ ഇമറു‌ള്‍ ഹൈസ് (0) പുറത്താകുകയായിരുന്നു. പിന്നീട് നിശ്ചിത ഇടവേളകളിലായി വിക്കറ്റുകള്‍ കൊഴിഞ്ഞത് അവര്‍ക്ക് വിനയാകുകയായിരുന്നു. 17മത് ഓവറില്‍ മൊഹമ്മദുള്ളയും (21) കൂടാരം കയറുകയുമായിരുന്നു. 21മത് ഓവറില്‍ മുഹമ്മദ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് സൌമ്യ സര്‍ക്കാരും (29) മടങ്ങുകയായിരുന്നു.  അടുത്ത ഊഴം ഷാക്കിബ് അല്‍ ഹസനായിരുന്നു (10) സ്‌പിന്നര്‍ ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം.

126 പന്തുകളില്‍ മൂന്ന് സിക്‍സറുകളും 14 ഫോറുകളുമടക്കം സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ (137) കരുത്തിലായിരുന്നു ഇന്ത്യ സ്‌കേര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനത്തെ ശരിവെക്കുന്ന രീതിയിലായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും തുടങ്ങിയത്. അമിത ആവേശം കാണിക്കാതെ മോശം പന്തുകളെ മാത്രം തെരഞ്ഞെടുത്ത് ഇരുവരും ബൌണ്ടറികള്‍ കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്‌കേര്‍ മുന്നേറുകയായിരുന്നു. മികച്ച ടോട്ടലിലേക്ക് നീങ്ങുന്ന വേളയിലാണ് ധവാന്റെ (30) വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായത്. ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ മുഷ്‌ഫിക്കര്‍ റഹീം സ്‌റ്റ്‌ബ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്.

മുന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി 18മത് ഓവറില്‍ അനാവശ്യം ഷോട്ടിന് മുതിര്‍ന്ന് പുറത്താകുകയായിരുന്നു. റൂബെല്‍ ഹൊസൈന്റെ പന്തില്‍ വിക്കറ്റ് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. രണ്ടു വിക്കറ്റുകള്‍ അടുത്തടുത്ത ഓവറുകളില്‍ വീണതോടെ ഇന്ത്യ മെല്ലപ്പോക്കിലേക്ക് നീങ്ങുകയായിരുന്നു. രോഹിതും രഹാനെയും പതിയെ താളം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും 28മത് ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രഹാനെ (19) പുറത്താകുകയായിരുന്നു. തസ്‌കിന്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. ടീം തകരുമെന്ന വേളയിലാണ് രോഹിത്  റെയ്‌ന സഖ്യം കളി തിരിച്ചു പിടിച്ചത്.

മെല്ലെ തുടങ്ങിയ ഇരുവരും ബംഗ്ലാദേശിന്റെ കൈയില്‍ നിന്ന് കളി തിരിച്ചു പിടിക്കുകയായിരുന്നു. 122 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ശേഷം റെയ്‌ന (65) മഷ്‌റഫെ മെര്‍ത്താസയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. പിന്നീട് 47മത് ഓവറില്‍ രോഹിത് പുറത്തായെങ്കിലും നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും (6) രവീന്ദ്ര ജഡേജയും (23) രവിചന്ദ്ര അശ്വിനും (3) ചേര്‍ന്ന് അവസാന ഓവറുകളില്‍ ഇന്ത്യക്ക് മികച്ച സ്‌കേര്‍ സമ്മാനിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക