ഇന്ത്യക്കാണ് സാധ്യത: ദക്ഷിണാഫ്രിക്ക എത്രയടിച്ചാലും ഇന്ത്യ തിരിച്ചടിക്കും- സ്‌മിത്ത്
വെള്ളി, 20 ഫെബ്രുവരി 2015 (16:06 IST)
ലോകകപ്പിലെ കരുത്തന്മാരുടെ പോരാട്ടമെന്ന് വിശേഷണമുള്ള ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ജയസാധ്യത ഇന്ത്യക്കാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. എത്ര വമ്പന്‍ സ്‌കോര്‍ നേടിയാലും ധോണിപ്പട തിരിച്ചടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ബാറ്റിംഗ് നിര ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാണ്. ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ഏത് സാഹചര്യത്തിലും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരങ്ങളാണ്. രോഹിത് ശര്‍മ്മ ക്രീസില്‍ നിലയുറപ്പിച്ചാല്‍ കളി കൈവിട്ടു പോകുമെന്നും സ്മിത്ത് പറഞ്ഞു. സുരേഷ് റെയ്‌നയും രവിന്ദ്ര ജഡേജയും അവസരത്തിനൊത്ത് ഉയരുന്നവരാണ്. ഇതിനെല്ലാമുപരിയാണ് മാച്ച് വിന്നറായ ധോണിയുടെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബോളിംഗ് അസാമാന്യമല്ലെങ്കിലും മികവുള്ളതാണ്. അശ്വിനെയും ജഡേജയെയും താളം കണ്ടെത്താന്‍ അനുവദിക്കരുതെന്നും ദക്ഷിണാഫ്രിക്കയ്ക്ക് സ്മിത്ത് മുന്നറിയിപ്പ് നല്‍കി.
2013നുശേഷം മറ്റേത് ടീമിനേക്കാളും കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യ ചേസ് ചെയ്താണ് ജയിച്ചിട്ടുള്ളത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയും ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരും തമ്മിലുള്ള പോരാട്ടമാണ് ഞായറാഴ്‌ച നടക്കാന്‍ പോകുന്നതെന്നും. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റിസ്‌മാന്മാരെ നിലയുറപ്പിക്കാന്‍ അനുവധിച്ചാല്‍ മധ്യനിര അടിച്ചു തകര്‍ക്കുമെന്നും ഗ്രെയിം സ്മിത്ത് പറഞ്ഞു. ആദ്യം ബാറ്റ് ചെയ്താലും സ്കോര്‍ പിന്തുടര്‍ന്നാലും ദക്ഷിണാഫ്രിക്കയുടെ ആദ്യ ആറു ബാറ്റ്സ്മാന്‍മാരുടെ പ്രകനമാകും നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.