മിസ്‌ബയും അഫ്രീദിയും ഏകദിനങ്ങളില്‍ നിന്ന് പാഡഴിച്ചു

Webdunia
വെള്ളി, 20 മാര്‍ച്ച് 2015 (18:50 IST)
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് പാകിസ്ഥാന്‍ പുറത്ത് പോയതോടെ ബൂം ബൂം എന്നും ലാല എന്നും വിളിപ്പേരുള്ള ഷാഹിദ് അഫ്രീദിയും പാക് നായകന്‍ മിസ്‌ബാ ഉള്‍ ഹഖും ഏകദിനങ്ങളില്‍ നിന്ന് പാഡഴിച്ചു. അഫ്രീദി കുട്ടി ക്രിക്കറ്റില്‍ തുടരുമെന്ന് അറിയിച്ചപ്പോള്‍ മിസ്‌ബാ ടെസ്റ്റില്‍ തുടരുമെന്ന് വ്യക്തമാക്കി.

1996ല്‍ തന്റെ രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 37 പന്തില്‍ സെഞ്ചുറിയടിച്ച് ഏകദിന ക്രിക്കറ്റിലേക്കുള്ള വരവറിയിച്ച അഫ്രീദി പാകിസ്ഥാന്റെ വിശ്വസ്തനായ താരമായി മാറുകയായിരുന്നു. കളിയില്‍ അപ്രതീക്ഷിത വഴിത്തിരിവ് വരുത്തുന്ന ലെഗ്‌സ്‌പിന്നിന് ഉടമയായ അദ്ദേഹം എതിര്‍ ടീമിന് പേടി സ്വപ്‌നമായിരുന്നു. 19 വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ന്ന അദ്ദേഹം 398 ഏകദിനങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളും 39 അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 8064 റണ്‍സും 395 വിക്കറ്റും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറടിച്ചതിന്റെ റെക്കോര്‍ഡ് (351 സിക്സറുകള്‍) അഫ്രീദിയുടെ പേരിലാണ്.

പാക് ക്രിക്കറ്റിലേക്ക് വൈകിയെത്തിയ മിസ്‌ബ 162 ഏകദിനങ്ങളില്‍ നിന്നായി 42 ഏര്‍ധസെഞ്ചുറി ഉള്‍പ്പെടെ 5122 റണ്‍സെടുത്തു. ഒരു ഏകദിന സെഞ്ചുറി പോലും സ്വന്തമാക്കാതെയാണ് അദ്ദേഹം കളം വിടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.