വിന്‍ഡീസിനെ 143 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

Webdunia
ശനി, 21 മാര്‍ച്ച് 2015 (13:14 IST)
ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ സംഹാരതാണ്ഡവമാടിയ നാലം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിനെ 143 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് സെമി ഫൈനലില്‍ പ്രവേശിച്ചു. 393 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 30.3 ഓവറില്‍ 250 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 163 പന്തില്‍ 11 സിക്‍സറും 24 ഫോറുമുള്‍പ്പെടെ ഡബിള്‍ സെഞ്ചുറി നേടിയ ഗുപ്‌റ്റിലാണ് (237) വെല്ലിങ്ടണില്‍ നിറഞ്ഞു നിന്നതും കളിയിലെ താരമായി മാറിയതും. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് കിവികളുടെ എതിരാളികള്‍.

വന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്‌റ്റ് ഇന്‍ഡീസിന് തുടക്കം തന്നെ പാളുകയായിരുന്നു. വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറാനാണ് കരീബിയന്‍ താരങ്ങള്‍ ശ്രമിച്ചത്. വെടിക്കെട്ട് താരം ക്രിസ് ഗെയില്‍ (61) മാത്രമാണ് മിക ഒരു സ്‌കേര്‍ കണ്ടെത്തിയത്. പിന്നീട് ജൊനാഥന്‍ കാര്‍ട്ടര്‍ (32) മര്‍ലോണ്‍ സാമുവത്സ് (27), ഡാരന്‍ സമ്മി (27), ആന്ദ്ര റസ്സല്‍ (20), ചാള്‍സ് (3), ലെന്‍ഡി സിമ്മണ്‍സ് (12), ദിനേഷ് രാംദിന്‍ (0), ജെറോം ടെയ്‌ലര്‍ (11), ജിസണ്‍ ഹോള്‍ഡര്‍ (42), സുലൈമാന്‍ ബെന്‍ (9) എന്നിവരാണ് ജയത്തിന് ശ്രമിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞത്.

നേരത്തെ സെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ ഇരട്ട സെഞ്ചുറി നേടുകയായിരുന്നു. വെസ്‌റ്റ് ഇന്‍ഡീസ് ബോളര്‍മാരെ തലോടി തുടങ്ങിയ ഗുപ്‌റ്റില്‍ സെഞ്ചുറിക്ക് ശേഷം തകര്‍ക്കുകയായിരുന്നു. സിക്‍സറുകളും ഫോറുകളും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്‌സില്‍ തകര്‍ന്നു വീണത് ഇന്ത്യയുടെ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും വീരേന്ദര്‍ സെവാഗിന്റെയും ക്രിസ് ഗെയിലിന്റെയും ഡബിള്‍ സെഞ്ചുറികളെന്ന  റെക്കോഡുകളാണ്.

ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുപ്‌റ്റിലും ബ്രണ്ടന്‍ മക്കല്ലവും 27 റണ്‍സിന്റെ ആദ്യ കൂട്ടുക്കെട്ട് ചേര്‍ത്തെങ്കിലും അഞ്ചാം ഓവറില്‍ ജെറോം ടെയ്‌ലര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ കെയ്‌ന്‍ വില്ല്യംസണ്‍ ഗുപ്‌റ്റിലിന് മികച്ച പിന്തുണ നല്‍കിയതോടെ ന്യൂസിലന്‍ഡ് സ്‌കേര്‍ ഉയരുകയായിരുന്നു. എന്നാല്‍ 16മത് ഓവറില്‍ വില്ല്യംസണ്‍ (33) ആന്ദ്രാ റസലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു കിവികളുടെ ഇന്നിംഗ്‌സിന് അടിത്തറ പാകിയ കൂട്ടുക്കെട്ട് ഉണ്ടായത് നാലാമനായി ക്രീസിലെത്തിയ റോസ് ടെയ്‌ലറും ഗുപ്‌റ്റിലും ചേര്‍ന്ന് വിന്‍ഡീസ് ബോളര്‍മാരെ മെരുക്കുകയായിരുന്നു. മോശം പന്തുകളെ മാത്രം ബൌണ്ടറി കടത്തി ഇരുവരും മുന്നേറുകയായിരുന്നു. ഇതിനിടയില്‍ ഗുപ്‌റ്റില്‍ സെചുറി നേടുകയും ചെയ്‌തു. അദ്ദേഹത്തിന് പിന്തുണ നല്‍കുക എന്ന കടമ മാത്രമെ ടെയ്‌ലര്‍ക്ക് ഉണ്ടായിരുന്നത്. 39മത് ഓവറില്‍ അനാവശ്യ റണ്ണിനായി ക്രീസ് വിട്ടിറങ്ങിയ ടെയ്‌ലര്‍ (42) റണ്‍ ഔട്ടാകുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ കോറി ആന്‍ഡേഴ്‌സണ്‍ (15) വമ്പന്‍ ഷോട്ടുകള്‍ ശ്രമിച്ചെങ്കിലും പുറത്താകുകയായിരുന്നു. തുടര്‍ന്നെത്തിയ ഗ്രാന്റ് എലിയട്ട് (27), ലൂക്ക് റോഞ്ചി (9) എന്നിവര്‍ വന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താകുകയായിരുന്നു. 8 റണ്ണുമായി ഡാനിയല്‍ വെട്ടോറി പുറത്താകാതെ നിന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.