ഫൈനല്‍ നാളെ; കുതിച്ചു ചാടാന്‍ കംഗാരുക്കള്‍, പറന്നുയരാന്‍ കിവികള്‍

Webdunia
ശനി, 28 മാര്‍ച്ച് 2015 (13:51 IST)
ആദ്യമായി ലോകകപ്പില്‍ മുത്തമിടാന്‍ ന്യൂസിലന്‍ഡും, അഞ്ചാം വട്ടവും ലോകത്തിന്റെ നെറുകയിലെത്താന്‍ ഓസ്ട്രേലിയയും...  ലോകക്രിക്കറ്റിലെ അതികായനെ തിരിച്ചറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ എല്ലാ കണ്ണും കാതും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് നീളുന്നു. ഞായറാഴ്‌ച രാവിലെ 9നാണ് തീ പാറുന്ന പോരാട്ടം നടക്കുന്നത്.

സെമിയിൽ ദക്ഷിണാഫ്രിക്കയെ മറികടന്നാണ് ന്യൂസിലൻഡ് കലാശക്കളിക്ക്  യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ സെമിയിൽ  95 റൺസിന് തകര്‍ത്താണ് ഓസ്ട്രേലിയ മെല്‍ബണിലേക്കുള്ള ടിക്കറ്റ് വാങ്ങിയത്. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച് കിവികള്‍ ഫൈനലിലേക്ക് എത്തുബോള്‍ ഓസ്ട്രേലിയ പ്രാഥമിക റൌണ്ടില്‍ കലാശ പോരാട്ടത്തിലെ എതിരാളികളോട് തോറ്റിരുന്നു. കപ്പ കൈപ്പിടിയില്‍ ഒതുക്കി ആ പരാജയത്തിന് മധുര പ്രതികാരം വീട്ടാമെന്നാണ് കംഗാരുക്കള്‍ കരുതുന്നത്.

ആറ് തവണ ന്യൂസിലൻഡ് സെമി ഫൈനലിൽ  കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഫൈനലിന്  യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 1987, 1999, 2003, 2007 വർഷങ്ങളില്‍ ലോകകപ്പ് സ്വന്തമാക്കിയ ഓസ്ട്രേലിയ അഞ്ചാം വട്ടവും ലോകകപ്പ് മാത്രം ലക്ഷ്യമിട്ടാണ് ഇറുങ്ങുന്നത്. നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അവസാന ഏകദിന മത്സരം മെല്‍ബണില്‍ നാളെ നടക്കുബോള്‍ ഓസീസ് ടീമിന് അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനം ലോകകപ്പ് തന്നെയാണെന്നതില്‍ സംശയമില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.