മെല്‍ബണില്‍ മക്കല്ലം വാര്‍ണര്‍ പോരാട്ടം; കിവിസ് നായകനെ തടയാന്‍ ആരുണ്ട് ?

ശനി, 28 മാര്‍ച്ച് 2015 (16:41 IST)
ലോകക്രിക്കറ്റിന്റെ നെറുകയിലെത്താന്‍ രണ്ടു ടീമുകള്‍, അഞ്ചാംവട്ടവും കപ്പടിക്കാന്‍ ഓസ്ട്രേലിയയും ആദ്യമായി കപ്പ് കൈപ്പിടിയിലൊതുക്കാന്‍ ന്യൂസിലന്‍ഡും നാളെ മെല്‍ബണില്‍ നേര്‍ക്കു നേര്‍. ആധികാരികമായ ജയങ്ങള്‍ സ്വന്തമാക്കി കിവികള്‍ എത്തുബോള്‍ ശക്തരായ ഇന്ത്യയെ തകര്‍ത്ത് സെമിയിലെത്തിയതിന്റെ സന്തോഷത്തിലാണ് മഞ്ഞപ്പട. കിവിസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലവും ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും നാളെ നേര്‍ക്കു നേര്‍ എത്തുബോള്‍ കളി തീ പാറുമെന്ന് ഉറപ്പാണ്.

പ്രാഥമിക റൌണ്ടില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം കിവിസിനായിരുന്നു. ആ പരാജയത്തിന്റെ കണക്ക് തീര്‍ക്കുന്നതിന് കൂടിയാകും നാളെ മഞ്ഞപ്പട കളത്തിലിറങ്ങുക. ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഓസ്ട്രേലിയയെ ഭയപ്പെടുത്തുന്ന കാര്യം. പ്രാഥമിക മത്സരത്തില്‍ മിച്ചല്‍ ജോണ്‍സണും മിച്ചല്‍ സ്‌റ്റാര്‍ക്കും അടങ്ങുന്ന ഓസീസ് പേസ് ബാറ്ററിയെ തല്ലി തകര്‍ക്കുകയായിരുന്നു മക്കല്ലം. ബോളര്‍മാരെ കടന്നാക്രമിച്ച് കളിയുടെ നിയന്ത്രണം തുടക്കത്തില്‍ തന്നെ  കൈപ്പിടിയില്‍ ഒതുക്കുകയാണ് ന്യൂസിലന്‍ഡ് നായകന്റെ തന്ത്രം. ടീമിന് മികച്ച തുടക്കം നല്‍കി തുടര്‍ന്ന് വരുന്ന ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരമാണ് അദ്ദേഹം ഉണ്ടാക്കുന്നത്.  മാർട്ടിൻ ഗപ്ടിൽ, ഗ്രാൻഡ് എലിയട്ട്, ടിം സൗത്തി,  ട്രെൻഡ് ബോൾട്ട് എന്നിവര്‍ കളി ജയിപ്പിക്കാന്‍ കഴിയുന്നവരാണ്. മെൽബൺ ഗ്രൗണ്ടിന്റെ  വലിപ്പം തന്നെയാകും ന്യൂസിലൻഡിന്റെ പ്രധാന വെല്ലുവിളി. കിവികളുടെ ടൂർണമെന്റിലെ  മത്സരങ്ങളെല്ലാം  ന്യൂസിലൻഡിലെ  ചെറിയ ഗ്രൗണ്ടുകളിലായിരുന്നു. കൂടാതെ മക്കല്ലത്തിനെക്കാളും അപകടകാരിയെന്ന് വിലയിരുത്തപ്പെടുന്ന റോസ് ടെയ്‌ലര്‍ ഫോമില്‍ എത്താതും കിവികള്‍ക്കും തിരിച്ചടിയാകും.

1987, 1999, 2003, 2007 വർഷങ്ങളില്‍ കപ്പ് നേടിയ ഓസ്ട്രേലിയ ഇത്തവണയും അരയും തലയും മുറുക്കിയാണ് ഇറങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍ നല്‍കുന്ന തുടക്കമാണ് അവരുടെ കരുത്ത്. വാര്‍ണര്‍ പരാജയപ്പെട്ടാല്‍ ആ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിവുള്ള താരങ്ങള്‍ ഓസ്ട്രേലിയന്‍ നിരയില്‍ ഉണ്ട്. സ്‌റ്റീസ് സ്‌മിത്തിന്റെ ഫോമും ഗ്ലെന്‍ മാക്‍സ്‌വെല്‍, ജയിംസ് ഫോക്ക്‍നര്‍ എന്നിവരുടെ ആളിക്കത്തലും ടീമിന് വമ്പന്‍ സ്‌കേര്‍ സമ്മാനിക്കും. സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം  ഓസീസിനുണ്ട്. സ്റ്റീവൻ സ്മിത്ത്, ഡേവിഡ്, വാർണർ,  ആരോൺ ഫിഞ്ച് എന്നീ ബാറ്റ്‌സ്മാൻമാരും മിച്ചൽ സ്റ്റാർക്ക്, ഹാസൽവുഡ്, മിച്ചല്‍ ജോൺസൺ തുടങ്ങിയ പേസർമാരും  മികച്ച ഫോമിലാണെന്നത് മഞ്ഞപ്പടയ്ക്ക് കരുത്താകും. ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തുടര്‍ച്ചയായി പരാജയപ്പെടുന്നത് മാത്രമാണ് അവര്‍ക്ക് വിനയാകുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക