‘അത് ശരിയാണ്, കും‌ബ്ലെയുടെ ആ രീതി ചിലര്‍ക്ക് ഇഷ്ടമായിരുന്നില്ല’ - വെളിപ്പെടുത്തലുമായി സൂപ്പര്‍താരം

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (10:45 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ആയിരുന്ന അനില്‍ കും‌ബ്ലെയുടെ പുറത്തകലിന് പിന്നാലെ ഒരുപാട് കാരണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. അതില്‍ പ്രധാനം അദ്ദേഹത്തിന്റെ കര്‍ക്കശ സ്വഭാവം തന്നെയായിരുന്നു. അച്ചടക്കത്തിന്റെ കാര്യത്തില്‍ കുംബ്ലെ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ഇത് കോഹ്ലി അടക്കമുള്ള ചില കളിക്കാര്‍ക്ക് പിടിക്കാതെ വരികയും അദ്ദേഹവുമായി അകല്‍ച്ച ഉണ്ടാവുകയും ചെയ്തുവെന്ന ആരോപണത്തെ ശരി വെക്കുകയാണ് ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ.
 
ചില കളിക്കാര്‍ക്ക് കുംബ്ലെ കര്‍ക്കശക്കാരനാണെന്ന തോന്നലുളവാക്കിയെന്ന് സാഹ വ്യക്തമാക്കുന്നു. എന്നാല്‍ തനിക്ക് അങ്ങിനെ അനുഭവപ്പെട്ടില്ല. ഓരോ കോച്ചിനും ഓരോ രീതിയാണ്. കുംബ്ലെയുടെ കര്‍ക്കശ രീതി ചിലര്‍ക്ക് ഇഷ്ടമായില്ലെന്നും സാഹ പറഞ്ഞു.
 
അതേസമയം, കും‌ബ്ലെയുടെ രീതികളില്‍ നിന്നും നേര്‍വിപരീതമാണ് ശാസ്ത്രിയുടെ രീതികള്‍. എതിരാളികളോട് ഒരു ദയയും വേണ്ടെന്നാണ് ശാസ്ത്രിയുടെ നിലപാട്. പാര്‍ക്കിന് പുറത്തേക്ക് എതിരാളികളെ അടിച്ചെത്തിക്കുകയെന്നാണ് ശാസ്ത്രിയുടെ രീതി. ഇരുവരും പോസിറ്റീവായാണ് പെരുമാറിയിരുന്നതെന്ന് സാഹ പറയുന്നു.
Next Article