അതേസമയം, ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിച്ച് ശ്രീശാന്ത് പറഞ്ഞു. കോടതിയുടെ ഈ നിരീക്ഷണം കരിയറില്‍ ഗുണം ചെയ്യും. കുറച്ചുകാലം അപകടത്തില്‍പ്പെട്ട് ഇരിക്കുകയായിരുന്നു എന്ന് വിചാരിച്ചുകൊള്ളാം എന്നും ശ്രീശാന്ത് പറഞ്ഞു.
വാതുവെയ്പുകേസില്‍ തനിക്കെതിരെ ചുമത്തിയ മകോക്ക റദ്ദാക്കണമെന്നു വാദം നടക്കുന്നതിനിടെ ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നു. വാതുവെയ്പുകാരുമായി താന്‍ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. തനിക്ക് പങ്കുണ്ടെന്നതിന് തെളിവില്ല. വാതുവെയ്പുകാരന്‍ ചന്ദ്രേഷുമായുള്ള ജിജുവിന്റെ ഫോണ്‍ സംഭാഷണമാണ് തനിക്കെതിരെ തെളിവായി പൊലീസ് ഉന്നയിക്കുന്നത്.
എന്നാല്‍ ഒത്തുകളിക്കു താന്‍ വഴങ്ങുന്നില്ലെന്ന് ജിജു ഫോണിലൂടെ പറയുന്നത് വ്യക്തമാണെന്നും ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ഐ പി എല്‍ മല്‍സരങ്ങള്‍ക്കിടെ ഒത്തുകളി നടത്തിയെന്നതാണ് ശ്രീശാന്തിനെതിരെയുള്ള ആരോപണം. ബോര്‍ഡിന്റെ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.