ലോകക്രിക്കറ്റിന് കരുത്തുറ്റ ഒരു പാക് ടീം ആവശ്യമാണ്; ദയനീയ പ്രകടനത്തില്‍ ഖേദിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

ചൊവ്വ, 6 ജൂണ്‍ 2017 (11:09 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് ദയനീയമായി തോല്‍‌വി ഏറ്റുവാങ്ങിയ പാകിസ്ഥാന്റെ ദുരവസ്ഥയില്‍ ഖേദിച്ച് മുന്‍ ഇന്ത്യന്‍ നാ‍യകന്‍ സൗരവ് ഗാംഗുലി രംഗത്ത്. പാക് ക്രിക്കറ്റിലെ അഭ്യന്തര പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ ക്രിക്കറ്റ് തകരാന്‍ ഇടയാക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു. അഭ്യന്തര ക്രിക്കറ്റ് പൊളിച്ചെഴുതുക എന്നതാണ് പാകിസ്ഥാന് ഇപ്പോള്‍ ആവശ്യം. നിങ്ങള്‍ നിങ്ങളുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ആദ്യം മെച്ചപ്പെടുത്തുക. അതിനുശേഷം എപ്പോഴും ക്രിക്കറ്റ് കളിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ഗാംഗുലി വ്യക്തമാക്കി.  
 
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കൃത്യമായി നടക്കാത്തത് അംഗീകരിക്കാന്‍ കഴിയില്ല. പ്രതിഭാസമ്പന്നരായ താരങ്ങളെ ലഭിക്കണമെങ്കില്‍ അവിടെ ഇത്തരത്തിലുള്ള മത്സരങ്ങള്‍ നടക്കേണ്ടത് അത്യാവശ്യമാണ്. അതിനായി പാക് ക്രിക്കറ്റ് ടീം മുതിര്‍ന്ന താരങ്ങളുടെ സഹായം ഉറപ്പാക്കണമെന്നും ഗാംഗുലി ആവശ്യപ്പെടുന്നു. പാക് ക്രിക്കറ്റിന് എന്തെങ്കിലും നേടണമെന്നുണ്ടെങ്കില്‍ വസീം അക്രം, വഖാര്‍ യൂനസ്, ജാദേദ് മിയാന്‍താദ്, സലീം മാലിക്ക് എന്നിങ്ങനെയുള്ളവരുടെ ഉപദേശം തേടേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
 
ലോകക്രിക്കറ്റിന് കരുത്തുറ്റ ഒരു പാകിസ്ഥാന്‍ ടീം ആവശ്യമാണ്. എന്നാല്‍ ദിനം പ്രതി അവരുടെ കളി താഴേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നു ഇന്ത്യ-പാക് മത്സര ശേഷം ഗാംഗുലി കൂട്ടിച്ചേര്‍ത്തു. മഴകളിച്ച മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് 124 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയ്ക്കായി കോഹ്ലി, ധവാന്‍, യുവരാജ്, രോഹിത്ത് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ 33.4 ഓവറില്‍ 164 റണ്‍സിനാണ് പാകിസ്ഥാന്‍ കീഴടങ്ങിയത്.  

വെബ്ദുനിയ വായിക്കുക