പാകിസ്ഥാന്‍ പുറത്തായി; അഫ്രീദിയുടെ തലയുരുളുമെന്ന് സൂചന

Webdunia
വെള്ളി, 25 മാര്‍ച്ച് 2016 (20:56 IST)
ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായി. ഓസ്ട്രേലിയയോട് 21 റണ്‍സിന്‍റെ തോല്‍‌വി വഴങ്ങിയാണ് പാകിസ്ഥാന്‍ പുറത്തേക്ക് പോകുന്നത്. ഈ തോല്‍‌വി പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഏറെ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് ഉറപ്പാണ്. നായകന്‍ ഷഹീദ് അഫ്രീദി ടീമില്‍ നിന്ന് പുറത്തുപോകുമെന്നുള്ളത് ഏതാണ്ടുറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാലുവിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനാകട്ടെ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു ഘട്ടത്തില്‍ ജയിക്കുമെന്ന പ്രതീതിയുണര്‍ത്തിയ പാകിസ്ഥാന് ഇടയ്ക്കിടെ വിക്കറ്റുകള്‍ കൊഴിഞ്ഞത് തിരിച്ചടിയായി.
 
കൂറ്റനടിക്ക് മുതിര്‍ന്ന് പുറത്തായ അഫ്രീദി തന്നെയാണ് പാകിസ്ഥാന്‍റെ തോല്‍‌വിക്ക് പ്രധാന കാരണമെന്ന് പറയാം. അഫ്രീദി നിലയുറപ്പിച്ചിരുന്നെങ്കില്‍ ജയിക്കാവുന്ന മത്സരമായിരുന്നു ഇത്.
 
ഖാലിദ് ലത്തീഫ്(46), ഷര്‍ജീല്‍ ഖാന്‍(30), ഉമര്‍ അക്മല്‍(32), ഷൊഹൈബ് മാലിക്(40*) എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിട്ടും പാകിസ്ഥാന് വിജയതീരമണയാനായില്ല. 
 
അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഫോക്നറാണ് പാകിസ്ഥാന്‍റെ നടുവൊടിച്ചത്. നാലോവറില്‍ 27 റണ്‍സ് വഴങ്ങിയാണ് ഫോക്നര്‍ അഞ്ചുവിക്കറ്റുകള്‍ പിഴുതത്. സാമ്പ രണ്ടുവിക്കറ്റുകള്‍ നേടി.
 
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്മിത്തിന്‍റെ അര്‍ദ്ധസെഞ്ച്വറി(61)യുടെ കരുത്തിലാണ് 193 റണ്‍സെടുത്തത്. വാട്‌സണ്‍(44), മാക്സ്‌വെല്‍(30) എന്നിവരും മികച്ച രീതിയില്‍ ബാറ്റ് വീശി.