ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

രേണുക വേണു
തിങ്കള്‍, 1 ജൂലൈ 2024 (09:02 IST)
മുന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉപദേഷ്ടാവുമായ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍. ട്വന്റി 20 ലോകകപ്പിനു അവസാനമായതോടെ പരിശീലക സ്ഥാനത്തു നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുകയാണ്. 11 വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി വാങ്ങിക്കൊടുത്താണ് ദ്രാവിഡിന്റെ പടിയിറക്കം. കാലാവധി നീട്ടാന്‍ ബിസിസിഐ തയ്യാറായെങ്കിലും പരിശീലക സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദ്രാവിഡ് നിലപാടെടുത്തു. 
 
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച താരമാണ് ഗൗതം ഗംഭീര്‍. അതുകൊണ്ടാണ് പരിശീലക സ്ഥാനത്തേക്ക് ആദ്യംമുതലേ ബിസിസിഐ ഗംഭീറിനെ പരിഗണിച്ചത്. ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ അത് ഇന്ത്യക്ക് വലിയ ഗുണം ചെയ്യുമെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ' ഗംഭീറിനു ഒരുപാട് പരിചയസമ്പത്ത് ഉണ്ട്. അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായാല്‍ ഇന്ത്യക്ക് നല്ലതാണ്. ഇന്ത്യക്കായി കളിച്ച ആളെ തന്നെ പരിശീലകനായി ലഭിക്കുന്നതാണ് നല്ലത്. ഗംഭീര്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്.' റോജര്‍ ബിന്നി പറഞ്ഞു. 
 
സിംബാബ്വെ പര്യടനമാണ് ഇന്ത്യ ഇനി കളിക്കാന്‍ പോകുന്നത്. ലോകകപ്പ് കളിച്ച മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം ഈ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തില്‍ വി.വി.എസ്. ലക്ഷ്മണ്‍ ആയിരിക്കും സിംബാബ്വെ പര്യടനത്തില്‍ താല്‍ക്കാലിക പരിശീലകന്‍. സിംബാബ്വെ പര്യടനത്തിനു ശേഷമായിരിക്കും ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article