ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യാ-പാക് പോരാട്ടം: മത്സരത്തിന് മുമ്പ് വാക് പോരുമായി അഫ്രീദി

ശനി, 27 ഫെബ്രുവരി 2016 (06:28 IST)
ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. വൈകീട്ട് ആറു മണിക്കാണ് മത്സരം. ഒത്തുകളി വിവാദത്തിൽ ശിക്ഷയനുഭവിച്ച മുഹമ്മദ് ആമിര്‍ ഇന്ന് കളിച്ചേക്കും. സ്വന്തം ടീം അംഗങ്ങളുടേതടക്കം വ്യാപക എതിര്‍പ്പ് മറികടന്നാണ് ആമിര്‍ ടീമിലെത്തിയത്. മത്സരഫലം പ്രവചനാതീതമാണെങ്കിലും നിലവിലെ ഫോംവച്ച് നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം.ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവര്‍ക്കെതിരെ പരമ്പര ജയിച്ച ഇന്ത്യ ഏഷ്യാകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെയും തോല്‍പ്പിച്ചിരുന്നു.
 
അതേസമയം മത്സരത്തിന് മുന്‍പെ വാക്പോരിന് തുടക്കമിട്ടിരിക്കുകയാണ് പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. മത്സരം ഇന്ത്യയുടെ ബാറ്റിങ്ങും പാകിസ്ഥാന്റെ ബൌളിങ്ങും തമ്മിലായിരിക്കും എന്ന് പറഞ്ഞ അഫ്രീദി ആദ്യത്തെ ആറ് ഓവറുകളില്‍ തന്നെ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയുടെ നടുവോടിക്കും എന്ന് വ്യക്തമാക്കി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ച നാവാസും പേസ് ബൌളര്‍മാരായ വഹാബ് റിയാസും മുഹമ്മദ് ആമിറും മുഹമ്മദ് ഇര്‍ഫാനും ചേരുമ്പോള്‍ ഇവര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിര കുറച്ച് കഷ്ടപ്പെടേണ്ടിവരും. 
 
മികച്ച ഫോമില്‍ തുടരുന്ന രോഹിത്ത് ശര്‍മയും ധാവാനും അടക്കം കഴിഞ്ഞ കളിയില്‍ മികച്ച ബാറ്റിങ്ങ് പ്രകടനം കാഴ്ചവച്ച ഹര്‍ദിക് പാണ്ഡ്യ വരെയുള്ള ബാറ്റിങ്ങ് ഓര്‍ഡറിലാണ് ഇന്ത്യന്‍ പ്രതീക്ഷ. അതേസമയം ധോണിയുടെ പരിക്ക് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക ഉളവാക്കുന്നുണ്ട്.
 
 
 
 

വെബ്ദുനിയ വായിക്കുക