സമാനതകളില്ലാതെ വോണ്‍!

PTIPTI
ബൌളിങ്ങ് എന്നാല്‍ ഫാസ്റ്റ് ബൌളിങ്ങാണ് എന്ന കരുതിയിരുന്ന ക്രിക്കറ്റ് ലോകത്ത് ലെഗ് സ്പിന്‍ എന്ന കലയിലൂടെയും ഒരു ബൌളര്‍ക്ക് ഉന്നതങ്ങളിലേക്ക് ഉയരാമെന്ന് തെളിയിച്ചാണ് ഷെയിന്‍ വോണ്‍ എന്ന് ഓസ്ട്രേലിയക്കാരന്‍ ഇതിഹാസ താരമായി മാറിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചത്ത പിച്ചുകളില്‍ മാത്രം ഫലം കണ്ടിരുന്ന സ്പിന്‍ ബൌളിങ്ങിനെ ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും വേഗമേറിയ പിച്ചുകളിലും വിജയമാക്കി മാറ്റിയതോടെ വോണ്‍ സ്പിന്‍ മാന്ത്രികന്‍ എന്ന പേരും സ്വന്തമാക്കി.

ലോക ക്രിക്കറ്റില്‍ ആദ്യമായി എഴുന്നൂറ് വിക്കറ്റ് തികച്ച താരമായ വോണ്‍ എന്നാല്‍ തന്‍റെ കളി മികവിനെക്കാളുപരി വിവാദ നായകനായാണ് പലപ്പോഴും മാധ്യമ തലക്കെടുക്കളില്‍ ഇടം നേടിയത്. വിക്ടോറിയയില്‍ 1969 സെപ്തംബര്‍ 19ന് ജനിച്ച വോണ്‍ വിക്ടോറിയ ടീമിന് വേണ്ടി കളിച്ചാണ് ക്രിക്കറ്റിന്‍റെ മുഖ്യധാരയിലേക്ക് എത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 1992ല്‍ ഇന്ത്യക്കെതിരെ സിഡ്നിയിലായിരുന്നു വോണിന്‍റെ അരങ്ങേറ്റം. പിന്നീട് 2007ലെ ആഷസ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് വരെ ഓസ്ട്രേലിയന്‍ ടീമിന്‍റെ അവിഭാജ്യ ഘടകമായിരുന്നു വോണ്‍. ഇടക്കാലത്ത് മങ്ങിയ ഫോമിന്‍റെയും വിവാദങ്ങളുടെയും പേരില്‍ ടീമില്‍ നിന്ന് പുറത്തായെങ്കിലും ശക്തമായി മടങ്ങിയെത്തിയ വോണ്‍ ലോകത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന റെക്കോഡ് സ്വന്തം പേരിലാക്കിയാണ് എതിരാളികള്‍ക്ക് മറുപടി നല്‍കിയത്.

ഇന്ത്യക്കെതിരെ 2004 ഒക്ടോബറില്‍ നടന്ന് ചെന്നൈ ടെസ്റ്റില്‍ ഇര്‍ഫാന്‍ പത്താനെ പുറത്തക്കി കൊണ്ടാണ് വോണ്‍ ലോകത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയത്. ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍റെ 532 വിക്കറ്റിന്‍റെ റെക്കോഡാണ് വോണ്‍ അന്ന് മറികടന്നത്. പിന്നീട് വോണ് വിരമിച്ചതിന് ശേഷമാണ് മുരളിക്ക് വിക്കറ്റ് വേട്ടയില്‍ വോണിന് മുന്നിലെത്താനായത്.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന ഒരു വര്‍ഷത്തോളം ടീമില്‍ നിന്ന് പുറത്ത് നിന്നതിന് ശേഷം തിരിച്ചെത്തിയാണ് വോണ്‍ ഈ നേട്ടം കൈവരിച്ചത്. പിന്നീടുള്ള മൂന്നു വര്‍ഷം വോണിന്‍റെ ജൈത്രയാത്രയാണ് ക്രിക്കറ്റ് ലോകം കണടത്. അതേ വര്‍ഷം തന്നെ മുന്നു മത്സരങ്ങളിലായി 26 ശ്രീലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയും തൊട്ടടുത്ത വര്‍ഷം 96 വിക്കറ്റുകള്‍ വീഴ്ത്തിയും വോണ്‍ റെക്കോഡിട്ടു.

ഇതിനിടയില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്(1994)‍, ഏകദിന ക്രിക്കറ്റിലെ മികച്ച താരം(2000), നൂറ്റാണ്ടിലെ അഞ്ച് മികച്ച കളിക്കാരുടെ വിസഡന്‍ പട്ടികയില്‍ (2000), മികച്ച ടെസ്റ്റ് താരം(2006) എന്നീ പുരസ്കാരങ്ങളും വോണ്‍ സ്വന്തമാക്കിയിരുന്നു.

തന്‍റെ പതിനഞ്ച് വര്‍ഷം നീണ്ട് ടെസ്റ്റ് കരിയറില്‍ 145 മത്സരങ്ങളിലെ 273 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 708 വിക്കറ്റുകളാണ് വോണിന്‍റെ സമ്പാദ്യം. ടെസ്റ്റിന് സമാനമായ റെക്കോഡുകള്‍ ഏകദിനങ്ങളില്‍ സ്വന്തമാക്കാനായില്ലെങ്കിലും ലോക കപ്പ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്ക്കാരം ഉള്‍പ്പെടെയുള്ള നേട്ടങ്ങളും വോണ്‍ സ്വന്തമാക്കിട്ടുണ്ട്. ഏകദിനങ്ങളില്‍ 194 മത്സരങ്ങള്‍ കളിച്ച വോണ്‍ 293 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ 2008ല്‍ ഉജ്ജ്വല തിരിച്ചു വരവാണ് വോണ്‍ നടത്തിയത്. ലീഗിലെ ഏറ്റവും ദുര്‍ബല ടീമായി വിലയിരുത്തപ്പെട്ടിരുന്ന ജയ്പൂര്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ ലീഗിലെ ആദ്യ ചാമ്പ്യന്‍മാരാക്കി മാറ്റിയ വോണ്‍ തന്‍റെ നേതൃപാടവവും തെളിയിച്ചു. ഓസ്ട്രേലിയക്ക് ഒരിക്കലും ലഭിക്കാതെ പോയ ഏറ്റവും മികച്ച നായകന്‍ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വോണ്‍ ഇത് ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് രാജസ്ഥാന്‍റെ ക്യാപ്റ്റന്‍, പരിശീലകന്‍ എന്നീ ഇരട്ട വേഷങ്ങളില്‍ നടത്തിയത്.

തന്‍റെ ബൌളിങ്ങിന്‍റെ മുഖമുദ്രയായ കൃത്യതയ്ക്കും പന്ത് തിരിക്കാനുള്ള കഴിവിനും പ്രായം വിലങ്ങ് തീര്‍ത്തില്ല എന്നു ലീഗിലെ പ്രകടനത്തിലൂടെ ഈ മുപ്പത്തിയൊമ്പതുകാരന്‍ തെളിയിക്കുകയും ചെയ്തു. ക്രിക്കറ്റ് കളത്തില്‍ നിറഞ്ഞു നിന്ന് കാലത്ത് വിമത സ്വരത്തിന്‍റെയും വ്യക്തി ജീവിതത്തിലെ വിവാദങ്ങളുടെയും പേരിലാണ് വോണിനെ മാധ്യമങ്ങള്‍ ആഘോഷിച്ചതെങ്കിലും കാലം കടന്നു പോകുമ്പോള്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളുടെ പേരില്‍ തന്നെ വോണ്‍ ഓര്‍മ്മിക്കപ്പെടുമെന്ന് ഉറപ്പാണ്.

സ്പിന്‍ ബൌളിങ്ങ് എന്നത് ക്രിക്കറ്റിലെ വിദൂഷക വേഷം മാത്രമല്ല സമാനതകളില്ലാത്ത നായക്ത്വവും അതില്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിച്ച വോണിനോട് ചരിത്രം നീതി കാട്ടുമെന്നു കായികപ്രേമികള്‍ പ്രതീഷിക്കുന്നതില്‍ അത്ഭുതപ്പെടാനുമില്ല.

വെബ്ദുനിയ വായിക്കുക