മിയാന്‍ ദാദ്:ഇന്ത്യന്‍ ഹൃദയം തകര്‍ത്തവന്‍!

Webdunia
1986 ലെ ഷാര്‍ജാ കപ്പില്‍ ചേതന്‍ ശര്‍മ്മയുടെ അവസാന പന്തില്‍ മിയാന്‍ദാദ് സിക്‍സര്‍ തൂക്കി കപ്പ് സ്വന്തമാക്കിയ ഭീകര ഓര്‍മ്മ ഇന്ത്യക്കാരുടെ മനസ്സില്‍ എന്നും ഉണ്ടായിരിക്കും!. ജാവേദ് മിയാന്‍ ദാദ്. ക്രിക്കറ്റിലെ കുറുമ്പന്‍.

കിരണ്‍ മോറെയ്‌ക്കു മുമ്പില്‍ തവളച്ചാട്ടം ചാടുന്ന, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് കലഹിക്കുന്ന മുഹമ്മദ് ജാവേദ് മിയാന്‍‌ദാദ് ഖാന്‍ ക്രിക്കര്‍ പ്രേമികളുടെ മനസ്സിലെ ഒരു പരുക്കന്‍ സൌന്ദര്യമാണ്. കറാച്ചിയിലെ തെരുവുകളില്‍ ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന ജാവേദ് ടെസ്റ്റ് ബുക് ക്രിക്കറ്റിനെ അവഗണിച്ചാണ് സ്വന്തമായ ശൈലി ഉണ്ടാക്കിയെടുത്തവനാണ്.

പെട്ടെന്ന് ക്ഷോഭിക്കുന്ന മിയാന്‍ ദാദെന്ന വികാര ജീവി 1976 ല്‍ ലാഹോറില്‍ ന്യൂസിലാന്‍റിനു എതിരെയാണ് അരങ്ങേറിയത്. ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ മിയാന്‍ ദാദ് സെഞ്ച്വറി സ്വന്തമാക്കി. തുടര്‍ന്ന് അദ്ദേഹം ഈ പരമ്പരയില്‍ ഇരട്ട ശതകവും നേടി.

അതോടെ ഏറ്റവും ചെറിയ പ്രായത്തില്‍ ഇരട്ട ശതകം നേടുന്ന ബാറ്റ്‌സ്‌മാനെന്ന പദവി അദ്ദേഹം ജോര്‍ജ് ഹെഡ്‌ലിയില്‍ നിന്ന് തട്ടിയെടുത്തു.

1976 മുതല്‍ 1996 വരെയുള്ള കാലയളവില്‍ മിയാന്‍ ദാദ് 124 ടെസ്റ്റുകളില്‍ നിന്ന് 8,832 റണ്‍സാണ് വാരിക്കൂട്ടിയത്. ഇതില്‍ 23 സെഞ്ച്വറികളും 43 അര്‍ദ്ധശക്തകളും ഉള്‍പ്പെടും. ആറ് ഇരട്ടശതകങ്ങളും നേടിയിട്ടുണ്ട്. ജാവേദിന്‍റെ ബാറ്റിംഗ് ശരാശരി 52.57 ആണ്.

ഏകദിനത്തിലെ അരങ്ങേറ്റം 1975 ല്‍ വെസ്റ്റ്-ഇന്‍ഡീസിനെതിരെയായിരുന്നു. 1992ലെ ലോകകപ്പ് ക്രിക്കറ്റ് കീരീടം ഇമ്രാന്‍ ഖാന്‍റെ പാക് ടീം നേടിയപ്പോള്‍ അതിനു വേണ്ട ഭൂരിഭാഗം ബാറ്റിംഗ് ഊര്‍ജ്ജവും കളഞ്ഞത് മിയാദ് ദാദായിരുന്നു.

കീവീസിനെതിരെയുള്ള സെമി ഫൈനലില്‍ അദ്ദേഹം നേടിയ 50 റണ്‍സാണ് പാകിസ്ഥാന് കലാശപ്പോരാട്ടത്തിലേക്കുള്ള വഴി തുറന്നുക്കൊടുത്തത്. മികച്ച പരിശീലന മികവ് ഉള്ള വ്യക്തിയാണ് മിയാന്‍ ദാദ്.

1998-09 കാലഘട്ടത്തില്‍ മിയാന്‍ ദാദിന്‍റെ പരിശീലന മികവുക്കൊണ്ടാണ് പാകിസ്ഥാന് ഏഷ്യന്‍ ടെസ്റ്റ് കപ്പ് കിരീടം ലഭിച്ചത്. പിന്നീട് കളിക്കാരുമായും ക്രിക്കറ്റ് ബോര്‍ഡുമായും മിയാന്‍ ദാദ് ഇടയുവാന്‍ തുടങ്ങി. ഇത് പിന്നീട് അദ്ദേഹത്തിന്‍റെ തല തെറിപ്പിച്ചു.