സച്ചിന്‍റെ തോളില്‍ ഇന്ത്യന്‍സ്

ശനി, 18 ഏപ്രില്‍ 2009 (19:10 IST)
കുട്ടിക്രിക്കറ്റില്‍ തന്നെ എഴുതിതള്ളിയവര്‍ക്ക് ഐപി‌എല്ലിന്‍റെ ആദ്യദിനം തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബാറ്റുകൊണ്ട് മറുപടി നല്‍കി. സച്ചിന്‍റെ അര്‍ദ്ധസെഞ്ച്വറിയുടെ (55) ബലത്തിലാണ് മുബൈ ഇന്ത്യന്‍സ് കിങ്സിനെതിരെ ഉദ്ഘാടന മത്സരത്തില്‍ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്.

20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് ഇന്ത്യന്‍സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍സിന് ജയസൂര്യയും സച്ചിനും പതിഞ്ഞ തുടക്കമാണ് നല്‍കിയത്. കൂറ്റന്‍ അടികള്‍ക്ക് മുതിരാതെ ക്രീസില്‍ നിലയുറപ്പിക്കാനായിരുന്നു ഇരുവരും ശ്രദ്ധ ചെലുത്തിയത്. സച്ചിനാണ് ഇന്ത്യന്‍സിന്‍റെ ടോപ് സ്കോറര്‍.

സനത് ജയസൂര്യയുടെ വിക്കറ്റാണ് ഇന്ത്യന്‍സിന് ആദ്യ നഷ്ടമായത്. 20 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ജയസൂര്യയെ തിലന്‍ തുഷാരയുടെ പന്തില്‍ മാത്യു ഹെയ്ഡന്‍ പിടികൂടുകയായിരുന്നു.

തുടര്‍ന്നെത്തിയ ശിഖര്‍ ധവാന്‍ 22 റണ്‍സെടുത്ത് പുറത്തായി പിന്നീടെത്തിയ ഡൂം‌മ്‌നിക്കും(7 പന്തില്‍ നിന്ന് 9) ബ്രാവോയ്ക്കും(4 പന്തില്‍ നിന്ന് 5) അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല.

ട്വന്‍റി-20 സ്റ്റൈല്‍ ബാറ്റിംഗിലൂടെ അഭിഷേക് നായര്‍ മാത്രമാണ് പിന്നീട് ക്രീസില്‍ പിടിച്ചു നിന്നത്. 14 പന്തുകളില്‍ നിന്ന് അഭിഷേക് 2 ഫോറും മൂന്ന് സിക്സറും പറത്തി 35 റണ്‍സെടുത്തു.

ഹര്‍ഭജന്‍ (2 പന്തില്‍ നിന്ന് 5) സഹീര്‍ ഖാന്‍ (3 പന്തില്‍ നിന്ന് 2) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍സ് താരങ്ങള്‍.
നേരത്തെ ടോസ് നേടിയ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാത്യു ഹെയ്ഡന്‍, ആന്‍ഡ്രൂഫ്ലിന്‍റോഫ്, ജേക്കബ് ഓറം, തിലന്‍ തുഷാര എന്നീ വിദേശതാരങ്ങളാണ് കിങ്സിന്‍റെ അന്തിമ ഇലവനില്‍ ഇടം പിടിച്ചത്.

ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ ഒഴിവാക്കി പകരം ചെന്നൈയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയാണ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. സനത് ജയസൂര്യ, ഡും‌മ്‌നി, ഡ്വയ്ന്‍ ബ്രാവോ, ലസിത് മലിംഗ എന്നിവരാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടിയിറങ്ങിയ വിദേശതാരങ്ങള്‍.

വെബ്ദുനിയ വായിക്കുക