വിരമിക്കല്‍ വിവാദങ്ങളില്‍ അകപ്പെട്ട സച്ചിന് പിന്തുണയുമായി വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസ താരം ബ്രെയന്‍ ലാറ. സച്ചിനോട് വിരമിക്കാന്‍ ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐസിസി അവാര്‍ഡ്ദാന ചടങ്ങിനു ശേഷം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെയാണ് ലാറ തന്റെ പിന്തുണ വ്യക്തമാക്കിയത്.
സച്ചിന്‍ ക്രിക്കറ്റ് ലോകത്തിന്റെ മഹാരഥന്‍മാരിലൊരാളാണ്, അദ്ദേഹത്തെ പോലുള്ള ഒരു ക്രിക്കറ്ററോട് അനാവശ്യമായി വിരമിക്കാന്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ലാറ ആവശ്യപ്പെട്ടു. സച്ചിന് തന്റെ വിരമിക്കല്‍ സമയം അറിയാമെന്നും സമയമാകുമ്പോള്‍ അദ്ദേഹം തന്നെ വിരമിച്ചുകൊള്ളുമെന്ന് ലാറ പറഞ്ഞു. താന്‍ ഏറെ ബഹുമാനിക്കുന്ന സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ തന്നെ അദ്ഭുതമാണ്. സച്ചിനോട് വിരമിക്കാന്‍ പറയരുതെന്നും അദ്ദേഹത്തിന്റെ മത്സരങ്ങള്‍ ആസ്വദിക്കുകയാണ് വേണ്ടതെന്ന് ലാറ പറഞ്ഞു.
17 വര്‍ഷമായി ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ലാറ ഇത്തവണത്തെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലേക്ക് പ്രവേശിച്ചു. ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടിയത് ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നുവെന്ന് ലാറ പറഞ്ഞു.