ശ്രീശാന്ത് വിവാഹിതനാവുന്നു, ഡിസംബര്‍ 12ന് ഗുരുവായൂരില്‍

Webdunia
തിങ്കള്‍, 18 നവം‌ബര്‍ 2013 (10:04 IST)
PTI
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വിവാഹിതനാവുന്നു. രാജസ്ഥാന്‍ സ്വദേശിനിയായ നയനാണ് വധു. ഡിസംബര്‍ 12ന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം.

രാജസ്ഥാന്‍ രാജകുടുംബാംഗമായ നയനിന് ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് ശ്രീശാന്ത് താലിചാര്‍ത്തും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ജ്വല്ലറി ഡിസൈനറാണ് നയന്‍. ഒത്തുക്കളിക്കേസില്‍ ശ്രീശാന്ത് പെട്ടപ്പോഴും പിന്തുണയുമായി നയനും കുടുംബവും ശ്രീയ്‌ക്കൊപ്പമുണ്ടായിരുന്നു.
ശ്രീശാന്തിന്റെ സഹോദരന്‍ ദിപു ശാന്തന്‍ ട്വിറ്ററിലൂടെ വിവാഹ വാര്‍ത്ത പുറത്തുവിടുകയായിരുന്നു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഡിസംബര്‍ 12ന് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക.
വിവാഹ ശേഷം കൊച്ചിയിലെ മെറിഡിന്‍ ഹോട്ടലില്‍ വച്ച് വിവാഹ സത്കാരം .

മെയ് 16 നായിരുന്നു ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരുള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയും ഏഴ് വാതുവെപ്പുകാരെയും വാതുവെയ്പ്പ് കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.

പിന്നീട് 27 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ശ്രീശാന്ത് ജാമ്യത്തിലിറങ്ങിയത്. ശ്രീശാന്ത് ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും പോലീസ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മകോക്ക) ചുമത്തിയിരുന്നു.