ശ്രീലങ്കയ്ക്ക് ഏഴു വിക്കറ്റ് ജയം

ബുധന്‍, 23 ജൂണ്‍ 2010 (09:32 IST)
ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിന് മുമ്പുള്ള അവസാന മല്‍സരത്തില്‍ ശ്രീലങ്ക ഏഴു വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തു. വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ഫര്‍വീസ് മഹറൂഫിന്റെ മികച്ച ബൌളിംഗാണ് ഇന്ത്യയെ തകര്‍ത്തത്.

തകര്‍പ്പന്‍ ഹാട്രിക്കും 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫര്‍വീസ് മഹറൂഫ് ഇന്ത്യയെ 42.3 ഓവറില്‍ 209 റണ്‍സിന് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിംഗിനെത്തിയ ലങ്ക 75 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്‍ഷ്യം നേടി.

നായകന്‍ സംഗക്കാര 73ഉം ജയവര്‍ധനെ പുറത്താവാതെ 53ഉം റണ്‍സെടുത്തു ജയം എളുപ്പമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും മധ്യനിര തകരുകയായിരുന്നു. 69 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപണര്‍മാരായ ഗൗതംഗംഭീറും (23) ദിനേശ് കാര്‍ത്തിക്കും (40) നല്ല തുടക്കം നല്‍കി.

വിരാട് കോഹ്‌ലി പത്തും സുരേഷ് റെയ്‌ന 18ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീടെത്തിയ നായകന്‍ ധോണിയും (41) അഞ്ചാം വിക്കറ്റിന് 79 റണ്‍സ് ചേര്‍ത്ത് ഇന്നിങ്‌സ് നേരെയാക്കിയെങ്കിലും ഇരുവരും ഇല്ലാത്ത റണ്ണിനോടി പുറത്തായതോടെ മഹറൂഫ് ഹാട്രിക് മികവില്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചു. രവീന്ദ്ര ജദേജ, പ്രവീണ്‍കുമാര്‍, സഹീര്‍ഖാന്‍ എന്നിവരെ മടക്കിയാണ് മഹറൂഫ് ഹാട്രിക് നേടിയത്.

വെബ്ദുനിയ വായിക്കുക