കരാര്‍ പ്രശ്നത്തെച്ചൊല്ലി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം ഒത്തു തിര്‍ന്നു. ഇതിനെ തുടര്‍ന്ന് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് മടങ്ങിവരാന്‍ വിന്‍ഡീസ് താരങ്ങള്‍ സമ്മതിച്ചു. വേതനം കൂട്ടണമെന്ന കളിക്കാരുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡിനും കളിക്കാര്‍ക്കുമിടയിലെ മധ്യസ്ഥനായി മുന്‍ കോമണ്‍വെല്‍ത്ത് സെക്രട്ടറി ശ്രീദത്ത് രാംപാലിനെ നിയമിച്ചതോടെയാണ് കളിക്കാര്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ തയ്യാറായത്.
ഇതിനു പുറമെ കളിക്കാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്ന ഗയാന പ്രസിഡന്‍റ് ഭരത് ജഗ്‌ദെയോയുടെ പ്രസ്താവന കൂടി മാനിച്ചാണ് കളിക്കാര്‍ വീണ്ടും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ തയ്യാറാവുന്നതെന്ന് പ്ലേയേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
ബോര്‍ഡുമായി കരാര്‍ ഇല്ലാതെ കളിക്കാനാവില്ലെന്ന് കാണിച്ച് വിന്‍ഡീസ് ടീമിലെ 13 കളിക്കാര്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കളിക്കാരുടെ ബഹിഷ്കരണത്തെ തുടര്‍ന്ന് ബോര്‍ഡ് രണ്ടാം നിര ടീമിനെ അണിനിരത്തി പരമ്പര നടത്തിയെങ്കിലും ദുര്‍ബലരായ ബംഗ്ലാദേശിനോട് രണ്ട് ടെസ്റ്റിലും ദയനീയമായി അടിയറവ് പറഞ്ഞു.