ലോകം കുട്ടി ക്രിക്കറ്റ് ചൂടില്‍

ബുധന്‍, 16 ഏപ്രില്‍ 2014 (12:56 IST)
PRO
PRO
കുട്ടി ക്രിക്കറ്റിലേക്ക് ഇനി ക്രിക്കറ്റ് ലോകം. ഇന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലാണ് ഐപിഎല്ലിന്റെ തിരശ്ശീല ഉയരുന്നത്. യുഎഇ സമയം ആറരയ്ക്ക് (ഇന്ത്യന്‍ സമയം രാത്രി എട്ട് മണി) അബുദാബിയിലെ ശൈഖ് സായീദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏഴാമത് ഐപിഎല്‍ ആദ്യമത്സരം.

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. ടീമുകള്‍ എല്ലാം പോരാട്ടത്തിന് തയാറായി കഴിഞ്ഞു. എല്ലാ ടീമുകളും പരിശീലന മത്സരങ്ങള്‍ തുടങ്ങി.

ഇത്തവണയും ടിക്കറ്റിന് പിടിവലിയാണ്. നല്ല കളികളുടെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ കാലിയായി തീര്‍ന്നു. മണിക്കൂറുകളോളം ക്യൂ നിന്നാലും ഇഷ്ട ടീമിന്റെ കളി കാണാന്‍ ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പില്ല എന്നതാണ് സ്ഥിതി. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്. യുഎഇയില്‍ ചൂട് കാര്യമായി തുടങ്ങിയിട്ടില്ല എന്നതാണ് പ്രധാന ആകര്‍ഷണം.

ചെന്നെ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസ് ഹൈദരാബാദ് എന്നിവയാണ് ഏഴാം സീസണില്‍ മാറ്റുരയ്ക്കുന്ന മറ്റ് ടീമുകള്‍. 60 മത്സരങ്ങളാണ് മൊത്തം. അതില്‍ ആദ്യത്തെ 20 മത്സരങ്ങളാണ് യു.എ. ഇയില്‍ നടക്കുക. ഫൈനല്‍ ഉള്‍പ്പെടെയുള്ള 40 മത്സരങ്ങള്‍ കട്ടക്ക്, കൊല്‍ക്കത്ത, ഡല്‍ഹി, റാഞ്ചി, ബാംഗ്ലൂര്‍, ചെന്നൈ, ചണ്ഡീഗഢ്, ഹൈദരാബാദ്, അഹമ്മദാബാദ്, മുംബൈ എന്നീ പത്തു നഗരങ്ങളിലായി അരങ്ങേറും.

ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ ആദ്യപാദ മത്സരങ്ങള്‍ യുഎഇയിലേക്ക് എത്തിയത്. നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് യുഎഇ. വേദിയായിട്ടുണ്ട്. സമൃദ്ധമായ ഇന്ത്യക്കാരുടെ സാന്നിധ്യവും മറ്റൊരു ഘടകം തന്നെയാണ്.

വെബ്ദുനിയ വായിക്കുക