ലാല്‍പ്പടയുടെ രക്ഷകരായത് യുവനിര

ഞായര്‍, 10 ഫെബ്രുവരി 2013 (13:13 IST)
PRO
PRO
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ താരപ്പടയ്ക്ക് രക്ഷയായത് യുവനിര. യുവതാരങ്ങളായ വിവേക് ഗോപനും സുമേഷും കേരള സ്ടൈക്കേഴ്സിനെ വിജയത്തിലേക്ക് നയിച്ചു. മണിക്കുട്ടന്‍, ബിനീഷ് കോടിയേരി, സന്തോഷ് സ്ലീബ, വിവേക് ഗോപന്‍ എന്നിവര്‍ കേരളത്തിനായി ഓരോ വിക്കറ്റെടുത്തു. അവസാന ഓവര്‍ വരെ വിജയം ഏതുപക്ഷത്തെന്ന് അറിയാതെ കാണികള്‍ കുഴങ്ങി. ആകാംക്ഷയ്ക്ക് വിരാമമിട്ട് നാലു പന്തു ശേഷിക്കെ, സിക്സര്‍ പറത്തിയ വിവേക് ഗോപന്‍ ഒരു സൂപ്പര്‍ ക്ലൈമാക്സ് മലയാള താര നിരയ്ക്ക് സമ്മാനിച്ചു.

പോയവര്‍ഷത്തെ സൂപ്പര്‍ താരം രാജീവ് പിള്ളയും നിവിന്‍ പോളിയുമായിരുന്നു ഓപ്പണിംഗ് വെടിക്കെട്ടിനു തുടക്കമിട്ടത്. രാജീവിനേക്കാള്‍ ബാറ്റ് വീശിയ നിവിന്‍ പോളി സ്കോര്‍ 24 ല്‍ എത്തിയപ്പോള്‍ വീണു. സ്വന്തം പന്തില്‍ ബദോല കയ്യിലൊതുക്കുമ്പോള്‍ നിവിന്റെ സമ്പാദ്യം 13 റണ്‍സ്. ഇന്ദ്രജിത്ത് വന്നതും പോയതും ഒരുമിച്ച്. രാജ എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്നു വിക്കറ്റാണു കേരളത്തിനു നഷ്ടമായത്. രാജീവ് പിള്ള (16), ഇന്ദ്രജിത്ത് (0), മദന്‍ മോഹന്‍ (1) എന്നിവര്‍ പുറത്തായതോടെ കേരളം കടുത്ത സമ്മര്‍ദത്തിലായി. പുതുമുഖ താരങ്ങളായ സന്തോഷ് സ്ലീബയും അര്‍ജുന്‍ സ്ലീബയും സ്കോര്‍ മുന്നോട്ടു നീക്കുന്നതിനിടെ, വീണ്ടും രാജയുടെ ഒ ാവര്‍. ഇത്തവണ കീഴടങ്ങിയതു സന്തോഷ് സ്ലീബ. രണ്ടു റണ്‍സെടുത്ത സന്തോഷ് രാജയുടെ പന്തില്‍ ക്ളീന്‍ ബോള്‍ഡാകുകയായിരുന്നു. സിസിഎലില്‍ കന്നി മല്‍സരം കളിക്കുന്ന സുമേഷ് അര്‍ജുനു കൂട്ടായെത്തിയതോടെ കേരളം വീണ്ടും ട്രാക്കിലായി. മികച്ച സ്ട്രോക് പ്ളേ കെട്ടഴിച്ച സുമേഷ് ടോപ് ഗിയറിലായതോടെ കേരളം അന്‍പതു കടന്നു. മൂന്നു വട്ടം സിക്സര്‍ പറത്തിയ സുമേഷിന്റെ മികവില്‍ വിജയം വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയ കേരളത്തിനു 13 ഓവറില്‍ സുമേഷിനെ നഷ്ടമായി.

പക്ഷേ, വിവേക് ഗോപന്‍ - ബിനീഷ് കോടിയേരി സഖ്യം ഒന്നും രണ്ടും റണ്‍സുമായി വിജയത്തിലേക്കു സ്കോര്‍ മുന്നോട്ടു നീക്കി. എത്തിപ്പിടിക്കാന്‍ വമ്പന്‍ സ്കോര്‍ മുന്നില്‍ ഇല്ലാതിരുന്നതാണു കേരളത്തിനു തുണയായത്. നേരത്തേ, ടേസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത മുംബൈ ഹീറോസിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

വെബ്ദുനിയ വായിക്കുക