മോഡി മൂന്നാമത്തെ നോട്ടീസിന് മറുപടി നല്‍കി

ബുധന്‍, 16 ജൂണ്‍ 2010 (13:12 IST)
ഐപി‌എല്‍ ചെയര്‍മാനായിരുന്ന ലളിത് മോഡിയ്ക്ക് ബി സി സി ഐ നല്‍കിയ മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി. ഇത് സംബന്ധിച്ചുള്ള മറുപടി ചൊവ്വാഴ്ച മെയില്‍ വഴി മോഡി നല്‍കിയിരുന്നുവെന്നും യഥാര്‍ഥ പകര്‍പ്പ് ബുധനാഴ്ച ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ചുവെന്ന് ലളിത് മോഡിയുടെ നിയമ വിദഗ്ധന്‍ മഹ്‌മൂദ് അബ്ദി അറിയിച്ചു.

ഐപി‌എല്‍ മത്സരങ്ങളുടെ പ്രദര്‍ശനാ‍നുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി സി സി ഐ നോട്ടീസ് നല്‍കിയത്. എന്‍റര്‍ടെയ്‌ന്‍‌മെന്‍റ് ആന്‍റ് സ്പോര്‍ട്സ് ഡയറക്ട് ആണ് ഐ പി‌ എല്‍ മത്സരങ്ങളുടെ പ്രദര്‍ശനത്തിനായി ഏറ്റവും കൂടുതല്‍ തുക (330 കോടി) ടെന്‍ഡറില്‍ രേഖപ്പെടുത്തിയിരുന്നതെന്നാണ് മോഡി വ്യക്തമാക്കിയിരുന്നത്. ഇതേത്തുടര്‍ന്ന് കരാര്‍ സംബന്ധിച്ച ചില സംശയങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് ബി സി സി ഐ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

ഐ പി ‌എല്ലിന്‍റെ മൂന്നാം സീസണ്‍ അവസാനിച്ച ഉടനെയാണ് മോഡിയെ ബി സി സി ഐ സസ്പെന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെ ഐ പി‌ എല്‍ അച്ചടക്കം ലംഘിച്ചു എന്ന കാരണത്തില്‍ ആദ്യ നോട്ടീസ് ബി സി സി ഐ മോഡിക്ക് നല്‍കിയിരുന്നു. ഇംഗ്ലണ്ടില്‍ കൌണ്ടി ക്രിക്കറ്റിന് സമാന്തരമായി ലീഗ് സംഘടിപ്പിക്കാന്‍ ശ്രമിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു രണ്ടാമത്തെ നോട്ടീസ് നല്‍കിയത്.

വെബ്ദുനിയ വായിക്കുക