മുരളി അക്രത്തിനൊപ്പം

ബുധന്‍, 4 ഫെബ്രുവരി 2009 (10:01 IST)
PTI
ഇന്ത്യയുമായുള്ള മൂന്നാം ഏകദിനത്തില്‍ സ്വന്തമായൊരു റിക്കോഡ് എഴുതിച്ചേര്‍ക്കാനായിരുന്നു മുത്തയ്യ മുരളീധരന്‍ കളത്തിലിറങ്ങിയത്. ആഗ്രഹം പൂര്‍ണമായി സാധിക്കാനായില്ല എങ്കിലും ടെസ്റ്റിലും ഏകദിനത്തിലും മുരളീധരന്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാംസ്ഥാനത്ത് എത്തി.

ശ്രീലങ്കയെ അടിച്ചു തകര്‍ത്ത് നിന്ന യുവരാജ് സിംഗിന്‍റെ വിക്കറ്റ് കടപുഴക്കിയപ്പോള്‍ മുരളീധരന്‍റെ മുന്നില്‍ ഏകദിനത്തില്‍ വീഴുന്ന 502 ആം വിക്കറ്റായി അത്. ഇതോടെ മുരളിയും പാകിസ്ഥാന്‍റെ വസിം അക്രവും ഒപ്പത്തിനൊപ്പം എത്തി.

വസിം അക്രം 356 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, മുരളി വെറും 327 മത്സരങ്ങളില്‍ നിന്ന് ലോക റെക്കോഡിനൊപ്പമെത്തി.

502 ഏകദിന വിക്കറ്റുകള്‍ നേടിയതോടെ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൌളര്‍ എന്ന ഖ്യാതി മുരളി സ്വന്തമായി. 769 ടെസ്റ്റ് വിക്കറ്റുകളാണ് മുരളിയുടെ സമ്പാദ്യം.

വെബ്ദുനിയ വായിക്കുക