പിച്ചിലെ മൂത്രമൊഴിക്കല്‍: ചിരിച്ചു തള്ളേണ്ട വിഷയമാണെന്നും ശിക്ഷ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ഗാംഗുലി

വെള്ളി, 30 ഓഗസ്റ്റ് 2013 (17:04 IST)
PRO
പരമ്പരവിജയം ഓവലിലെ പിച്ചില്‍ മൂത്രമൊഴിച്ച് ചില ഇംഗ്ലീഷ് താരങ്ങള്‍ ആഘോഷിച്ചതായിരുന്നു പുതിയ വിവാദം. വിജയാഘോഷത്തിനിടെ പിച്ചില്‍ വട്ടംകൂടിനിന്ന് സ്റ്റുവര്‍ട്ട് ബോര്‍ഡ്, കെവിന്‍ പീറ്റേഴ്‌സണ്‍, ജിമ്മി ആന്‍ഡേഴ്‌സണ്‍ തുടങ്ങിയ താരങ്ങളാണ് ആഘോഷിച്ചത്.

ഇതിനെക്കുറിച്ച് ഇന്ത്യയുടെ മുന്‍ നായകന് വ്യത്യസ്ത അഭിപ്രായമാണെന്ന് എന്‍ഡി ടി‌വി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ചിരിച്ച് തള്ളേണ്ട വിഷയമാണ് അത്. ഞാന്‍ അവരുടെ ആഘോഷം നേരിട്ട് കണ്ടില്ല. അഞ്ച് ടെസ്റ്റുകളുടെ ആഷസ് പരമ്പര ഒരു ടെസ്റ്റ് ബാക്കിയിരിക്കെ നേടുന്നത് വലിയ കാര്യം തന്നെ.

ആഘോഷത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അല്‍പ്പം പെരുപ്പിച്ചുകാണിച്ചതാണ്. ആസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത് ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തെ അതിര്‍ത്തി കടത്തുന്നതാണ്.

ഇംഗ്ലീഷ് ടീം അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്തെങ്കിലും തരത്തിലുള്ള ശിക്ഷ ആവശ്യമുള്ള ഒന്നാണ് ഈ സംഭവമെന്ന് കരുതുന്നില്ല. ഇനി ചെയ്യില്ല എന്ന ഒരു വാക്കില്‍ അവസാനിപ്പിക്കാവുന്നതേ ഉള്ളൂ ശിക്ഷ. ആഘോഷിക്കാം അതോടൊപ്പം അതിനും അതിര്‍ത്തിയുണ്ടെന്ന് മറക്കരുതെ‘ന്നും ഗാംഗുലി ഓര്‍മ്മിപ്പിച്ചു

വെബ്ദുനിയ വായിക്കുക