ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന പാകിസ്ഥാന്‍ താരങ്ങളെ ഓരോ മത്സരത്തിനുശേഷവും ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു താരത്തെയും ഇതുവരെ ഡോപ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കയ്ക്കെതിരായ മത്സരം പാകിസ്ഥാന്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒരുതാരത്തെയും ഇതുവരെയും ഡോപ് ടെസ്റ്റിന് വിധേയനാക്കിയിട്ടില്ലെന്ന് പാക് ടീ മാനേജര്‍ യാവര്‍ സയ്യീദ് പറഞ്ഞു.
മുന്‍പ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ചരിത്രമുള്ള പേസ് ബൌളര്‍ ഷൊയൈബ് അക്തറും മുഹമ്മദ് ആസിഫും ടീമില്‍ കളിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സിലിന്‍റെ പ്രഖ്യാപനം. കളിക്കാരെ ഊഴമനുസരിച്ച് ഡോപ് ടെസ്റ്റിന് വിധേയനാക്കുമെന്നായിരുന്നു കൌണ്‍സിലിന്‍റെ പ്രഖ്യാപനം.
എന്നാല്‍ ഏത് താരത്തെയും വേണമെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കാമെന്നും പാക് താരങ്ങളെല്ലാം ഐ സി സിയുടെ ഉത്തേജകവിരുദ്ധ നിയമത്തെക്കുറിച്ച് ബോധവാന്‍മാരാണെന്നും സയ്യീദ് പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ പേശിവലിവ് അനുഭവപ്പെട്ട ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ഇന്ന് ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ കളിക്കുമെന്നും സയ്യീദ് പറഞ്ഞു.