പാകിസ്ഥാന് ആഗ്രഹിച്ച വിജയമായിരുന്നു അത്. മൊഹാലിയില്‍ ദീപാവലി ദിനത്തില്‍ ആവേശത്തിന്‍റെ മാലപ്പടക്കം കാത്ത് വച്ച മത്സരത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ നാല് വിക്കറ്റിന് ജയിച്ചു. ഇതോടെ പാകിസ്ഥാന്‍ ആദ്യ ജയം സ്വന്തമാക്കി പരമ്പര 1-1 എന്ന നിലയിലാക്കിയിരിക്കുകയാണ്.
ടോസിന്‍റെ ഭാഗ്യം തുണച്ച ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോനിയുടെ അഭിപ്രായം ശരിവച്ച ഇന്ത്യന്‍ ചുണക്കുട്ടികള്‍ സച്ചിന്‍റെ 99 റണ്‍സിന്‍റെ അടിത്തറയില്‍ 321 റണ്‍സിന്‍റെ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍, വിജയത്തിനു വേണ്ടിമാത്രം കളിച്ച പാകിസ്ഥാന്‍ 49.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ടു.
പാക് വൈസ് ക്യാപ്റ്റന്‍ യൂനിസ് ഖാന്‍റെ 110 പന്തുകളില്‍ നിന്നുള്ള 117 റണ്‍സും 44 പന്തുകളില്‍ നിന്ന് 49 റണ്‍ നേടിയ മിസ്ബായുമാണ് പാകിസ്ഥാന് വിജത്തിന് അടിത്തറ ഒരുക്കിയത്. പിന്നീട്, അഫ്രീദിയുടെ നോട്ടൌട്ട് പ്രകടനവും കൂടിയായപ്പോള്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നു.
അവസാന ഘട്ടത്തില്‍ വരെ ഇന്ത്യ ജയ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. അവസാന 18 പന്തുകളില്‍ 34 റണ്‍സായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. നാല്‍പ്പത്തിയെട്ടാം ഓവറില്‍ സഹീര്‍ഖാന്‍റെ മോശം പ്രകടനം പാകിസ്ഥാന് 17 റണ്‍സ് സമ്മനിച്ചു. അടുത്ത ഓവറില്‍ ആര്‍ പി സിംഗിനെ അഫ്രീദി സിക്സറിന് തൂക്കിയതോടെ ഇന്ത്യന്‍ പ്രതീക്ഷയും ഗ്രൌണ്ടിന് പുറത്തേക്ക് നീങ്ങി. ഇര്‍ഫാന്‍റെ അവസാന ഓവറില്‍ പാകിന് വേണ്ടിയിരുന്നത് വെറും ആറ് റണ്‍സ് ആയിരുന്നു.
ഇന്ത്യയ്ക്ക് സച്ചിനും (99) ഗൌതം ഗംഭീറും (57) മികച്ച അടിത്തറയിട്ടു എങ്കിലും പിന്നീട് മധ്യ നിരയില്‍ വന്ന ധോനി, യുവരാജ്, ഉത്തപ്പ ,പഠാന്‍ എന്നിവര്‍ സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.20 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഹര്‍ഭജന്‍റെ പ്രകടനമാണ് ഇന്ത്യയെ 300 കടത്തിയത്.